ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച കേസില്‍ ഖലിസ്ഥാൻ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി എൻഐഎ.
ആക്രമണത്തില്‍ പങ്കെടുത്തവരുടെ ലുക്കൗട്ട് നോട്ടീസ് ഇതിന്റെ ഭാഗമായി പുറത്തിറക്കി. 45 പേര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും ലഭ്യമാക്കുന്നതിന് വാട്ട്‌സ്‌ആപ്പ് നമ്ബരും എൻഐഎ പങ്കുവെച്ചിട്ടുണ്ട്.
ഹൈക്കമ്മീഷൻ ആക്രമണത്തിന്റെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യം തിങ്കളാഴ്ച എൻഐഎ പുറത്തുവിട്ടിരുന്നു. അക്രമികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അന്വേഷണ സംഘത്തെ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും എൻഐഎ അറിയിച്ചിരുന്നു. വീഡിയോ പുറത്തുവിട്ടത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്.
കഴിഞ്ഞ മാര്‍ച്ച് 19-നാണ് കേസിനാസ്പദമായ സംഭവം. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാല്‍ സിംഗിനെതിരായ നടപടികളില്‍ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികള്‍ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചത്. ഹൈക്കമീഷന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യൻ ദേശീയ പതാക നശിപ്പിക്കാൻ ശ്രമിക്കുകയും ഖലിസ്ഥാൻവാദികളുടെ പതാക സ്ഥാപിക്കാനും ശ്രമിക്കുകയായിരുന്നു.
ഏപ്രില്‍ 18-നാണ് കേസ് എൻഐഎക്ക് കൈമാറിയത്. യുഎപിഎ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച യുകെ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് എൻഐഎയെ കേസ് ഏല്‍പ്പിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎയുടെ അഞ്ചംഗസംഘമാണ് ഇപ്പോള്‍ ബ്രിട്ടണില്‍ എത്തിയിരിക്കുന്നത്.































