പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ സർക്കാർ സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ സിനിമ തിയറ്റർ ഒരുക്കി. അഗളി ഗവ. എച്ച് എസ് എസിലെ വിദ്യാർഥികൾക്കായാണ് തിയേറ്റർ ഒരുങ്ങിയത്. സിനിമ മാത്രമല്ല സെമിനാറുകളും ക്ലാസ്സുകളുമെല്ലാം മികച്ച ദൃശ്യ ശ്രവ്യ സംവിധാനത്തോടെ അടുത്തറിയാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. സംവിധായകൻ സോഹൻറോയാണ് തിയേറ്റർ സംഭാവന ചെയ്തത്.
ആദ്യമായി തിയേറ്ററിലെത്തുന്ന വിദ്യാർത്ഥികൾക്ക് നവ്യാനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ, സിനിമ കാണാനും നിർമ്മിക്കാനും കുട്ടികൾക്ക് സൗകര്യവുമുണ്ട്. 2400 നടുത്ത് വിദ്യാർഥികളാണ് അഗളി സ്കൂളിൽ പഠിക്കുന്നത്. അതിൽ ഭൂരിഭാഗം പേരും ആദ്യമായി തിയേറ്ററിലിരുന്ന് സിനിമകാണുന്നത് സ്കൂളിലൊരു തിയേറ്റർ വന്നതിന് ശേഷമാണെന്നതും കൗതുകം.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അഗളി സ്കൂളിൽ തിയേറ്ററൊരുങ്ങിയത്. സംരംഭകനും സിനിമ നിർമ്മാതാവും സംവിധായകനുമായ സോഹൻറോയാണ് തിയറ്റർ ഒരുക്കാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുത്തത്. അക്വസ്റ്റിക്സ് സംവിധാനം, കുഷ്യൻ കസേരകൾ, മികച്ച ശബ്ദ സംവിധാനം, പ്രൊജക്ഷൻ സ്ക്രീൻ വ്യക്തമായി കാണാനായി തീയറ്റർ മോഡലിലുള്ള ഗ്യാലറി സ്ട്രക്ചർ മുതലായവ ഈ എഡ്യൂക്കേഷണൽ തിയേറ്ററിൽ ഒരുക്കിയിട്ടുണ്ട്.






























