ലണ്ടൻ: ഇന്നലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച യുകെ കുടിയേറ്റ നിര്‍ദേശങ്ങള്‍ ഏറ്റവും അധികം ബാധിക്കുക മലയാളികളെ തന്നെ ആയിരിക്കും.കഴിഞ്ഞ ഏതാനും വര്‍ഷമായി സ്റ്റുഡന്റ് വിസയിലും കെയര്‍ വിസയിലുമായി പതിനായിരക്കണക്കിന് മലയാളികള്‍ എത്തിയത് പഠിക്കുവാനോ കെയര്‍ ജോലി ചെയ്യുവാനോ ഉള്ള ഇഷ്ടം കൊണ്ടല്ല മറിച്ചു എങ്ങനെയും യുകെയില്‍ കുടിയേറി ജീവിക്കുക എന്ന ലക്ഷ്യത്തോടെ ആണെന്നാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയുടെ വാക്കുകള്‍ തെളിയിക്കുന്നത്.
യുകെ പോലൊരു വികസിത രാജ്യത്തെ ജീവിത ഗുണനിലവാരം പുലര്‍ത്താൻ ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് സാധിക്കില്ല എന്ന് തെളിയിക്കാൻ ഫുഡ് ബാങ്കിന് മുന്നില്‍ കണ്ട ക്യൂ മുതല്‍ ബ്രിട്ടീഷ് കോടതിയില്‍ എത്തികൊണ്ടിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ വരെ സര്‍ക്കാരിന് മുന്നിലുണ്ട്. കെയര്‍ വിസയില്‍ 25 ലക്ഷത്തിനും മുകളില്‍ നല്കി എത്തുന്നവരോട് പ്രതീക്ഷിക്കുന്ന ജീവിതമല്ല യുകെയിലേത്, കെയര്‍ ജോലിയില്‍ കിട്ടുന്ന ശമ്ബളം ചെലവിനു പോലും തികയില്ല എന്ന് പറയുമ്ബോള്‍ ഇതിലും കഷ്ടപ്പാടുകള്‍ സഹിച്ച ഗള്‍ഫ് ജീവിതം കണ്ടവരല്ലേ മലയാളികള്‍ എന്നായിരുന്നു മറുപടി.
വളരെ നിസാരവല്‍ക്കരിച്ചു മലയാളികള്‍ നല്കിയ മറുപടി തന്നെയാകും ഭാവിയില്‍ യുകെയിലെ വിസ നിയമങ്ങളിലും കാത്തിരിക്കുക. ഒരു പക്ഷെ നിശ്ചിത തുകയില്‍ കുറഞ്ഞ ശമ്ബളം ഉള്ളവര്‍ക്ക് യുകെയില്‍ ഒരിക്കലും സ്ഥിര താമസത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടും വിധമുള്ള നിയമങ്ങളിലേക്ക് കൂടി എത്തിപ്പെടാൻ വഴി തുറക്കുന്നതാണ് ഇന്നലെ ബ്രിട്ടീഷ്, പാര്‍ലിമെന്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍.
അങ്ങനെയെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലെപോലെ യുകെയില്‍ വരുക, ജോലി ചെയ്യുക, മടങ്ങി പോകുക എന്ന സാഹചര്യങ്ങളിലേക്ക് കുടിയേറ്റ നിയമം എത്തപ്പെടുമോ എന്നതാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന പ്രധാന ചോദ്യം. യുകെയില്‍ കുടുംബവുമായി പൗരത്വം ഇല്ലാതെ ജീവിക്കാൻ മികച്ച വരുമാനമുള്ള ജോലി വേണമെന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തിയാല്‍ അതിനെ നേരിടാൻ കോടതിയില്‍ പോലും പ്രയാസമായേക്കും.
അതിനിടെ കെയര്‍ വിസ ജോലികള്‍ നിയന്ത്രിക്കപ്പെടുമ്ബോള് നിലവില്‍ യുകെയില്‍ ജോലി ചെയ്യുവര്‍ക്ക് ശമ്ബളം ഉള്‍പ്പെടെ വര്‍ധിക്കാൻ ഉള്ള അനുകൂല ഘടകവും നിലനില്‍ക്കുന്നുണ്ട്. കെയര്‍ ഹോമുകളില്‍ നിശ്ചിത എണ്ണം ജീവനക്കാര്‍ വേണമെന്നതു നിര്‍ബന്ധം ആയതിനാല്‍ കെയര്‍ ജീവനക്കാര്‍ക്കുള്ള പിടിവലിയാകും വരും നാളുകളില്‍ കാണാനാവുക. ഇത് മുൻകൂട്ടി കണ്ടു പല കമ്ബനികളും ഇപ്പോള്‍ തന്നെ ശമ്ബള വര്‍ധന സൂചന നല്‍കിക്കഴിഞ്ഞു.
കൂടാതെ അധിക ആനുകൂല്യ പാക്കേജുകളും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എങ്ങനെയും പരിചയ സമ്ബന്നരായ ജീവനക്കാരെ പിടിച്ചു നിര്‍ത്തുക എന്നതാകും കമ്ബനികളുടെ പ്രധാന ലക്ഷ്യം. കാരണം പുതുതായി വിദേശത്തു നിന്നും പഴയതു പോലെ ആളെ ലഭിക്കാതാകുന്ന സാഹചര്യം കെയര്‍ ഹോം ബിസിനസ് വരും നാളുകളില്‍ കാത്തിരിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും.
ഈ മനോഭാവം തന്നെയാണ് ഇപ്പോള്‍ വിസ നിയന്ത്രണങ്ങളില്‍ തിരിച്ചടി ആയി മാറിയതും. സ്റ്റുഡന്റ് വിസയിലും കെയര്‍ വിസയിലും എത്തിയവര്‍ യുകെയില്‍ എത്തി ജീവിതം കരുപ്പിടിക്കും മുൻപ് തന്നെ കുടുംബത്തെ കൂടി കൂടെ കൂട്ടിയാണ് യുകെയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് താമസിക്കാൻ ഇടമോ കഴിക്കാൻ ഭക്ഷണമോ പോലും ഇല്ലാതെ കൗണ്‍സിലുകളെ സഹായിച്ചവരും സാല്‍വേഷൻ ആര്‍മി പോലെയുള്ള ചാരിറ്റി സംഘടനകളെ സമീപിച്ചവരും ആയിരങ്ങളാണ്. ഇതിന്റെയെല്ലാം കണക്കുകള്‍ അടുത്തിടെ പുറത്തു വന്നതും ഹോം ഓഫിസ് സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തിയിരുന്നു.
അണ് സ്കില്‍ഡ് ജോബ് എന്നറിയപ്പെടുന്ന കൈത്തൊഴിലുകള്‍ തേടി നാല്പതും അൻപതും വര്‍ഷം മുൻപ് ഗള്‍ഫ് രാജ്യങ്ങളില്‍ പോയി ആട് ജീവിതം നയിച്ച മലയാളി മനോഭാവത്തോടെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്തിയ മലയാളികള്‍ യുകെയില്‍ ജീവിതം ആരംഭിക്കാൻ തയ്യാറെടുപ്പ് നടത്തിയത്. പ്രൊഫഷണല്‍ ജോലികളില്‍ മികച്ച ശമ്ബളത്തോടെ തൊഴില്‍ വിസ ലഭിച്ചവരുടെ ജീവിതം കണ്ടു മോഹിച്ചാണ് ഇപ്പോള്‍ പഠിക്കേണ്ട വിഷയം ഏതെന്നു പോലും അറിയാതെയും അടിസ്ഥാന ശമ്ബളം മാത്രമുള്ള ജോലിയാണ് എന്നറിഞ്ഞിട്ടും സ്റ്റുഡന്റ് വിസയിലും കെയര്‍ വിസയിലും പതിനായിരങ്ങള്‍ യുകെയെ തേടി എത്തിയത്.
സ്റ്റുഡന്റ് വിസയില്‍ വന്നവര്‍ അനേകം പേരാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി യുകെയില്‍ കാലുകുത്തിയത്. യുകെയില്‍ എത്തിയ ശേഷം ഒരൊറ്റ ദിവസം പോലും കാമ്ബസില്‍ എത്താത്തവരും ഏറെയാണ്. കാമ്ബസില്‍ പോയവരില്‍ ആയിരങ്ങളാണ് ആദ്യ സെമസ്റ്റര്‍ ഫീസ് അടച്ചു എന്ന പേരില്‍ യൂണിവേഴ്സിറ്റിയില്‍ കറങ്ങി നടന്നത്.
പിന്നീട് ഇവരെ കാണാൻ ഇടയായത് കെയര്‍ ഹോമുകളിലാണ്. വിസ സ്വിച്ചിങ് എന്ന കുറുക്ക് വഴിയില്‍ ഇരകളെ തേടി സോളിസിറ്റര്‍മാരും വിസ ഏജന്റുമാരും കെയര്‍ ഹോമുകളും ഒന്നിച്ചതോടെ ആയിരക്കണക്കിന് പൗണ്ട് മുടക്കിയാണ് സ്റ്റുഡന്റ് വിസയില്‍ വന്നവര്‍ കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് ആയി മാറിയത്. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത കാട്ടാതെ എങ്ങനെയും യുകെയില്‍ കഴിയുക എന്നത് മാത്രമായിരുന്നു ഇത്തരക്കാരുടെ ഉദ്ദേശം എന്നത് പിന്നീട് ഉണ്ടായ പരാതികള്‍ തെളിയിച്ചതുമാണ്. ജോലിയില്‍ കയറി ആറു മാസം തികയും മുൻപ് ഇങ്ങനെ ജോലി നഷ്ടമായ സ്വിച്ചിങ് വിസക്കാര്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് വിസ ഏജൻസികള്‍ ചതിച്ചു എന്ന പരാതിയുമായാണ്.
ഇത്തരം വാര്‍ത്തകള്‍ നല്കി തുടങ്ങിയതോടെയാണ് സ്റ്റുഡന്റ് വിസ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്ന വിവരം പുറത്തെത്താൻ കാരണമായത്. ഇതോടെ നല്ല നിലയില്‍ പഠിക്കാൻ ആഗ്രഹിക്കുകയും യുകെയില്‍ എത്താൻ സാധ്യത ഉള്ളവരുമായവരുടെ വഴി മുടക്കാൻ മാത്രമാണ് ”വ്യാജ സ്റ്റുഡന്റ് വിസ” സംഘടിപ്പിച്ചവര്‍ നല്കിയ സംഭാവനയെന്നു വ്യക്തം. ബ്രിട്ടൻ മുന്നോട്ട് വച്ച ബ്രൈറ്റ് ആൻഡ് ബ്രില്യന്റ് എന്ന ആശയമാണ് കെയര്‍ ഹോം ജോലി ലക്ഷ്യമിട്ട് യുകെയില്‍ പഠിക്കാൻ വീടും സ്ഥലവും പണയം വച്ച് യുകെയില്‍ എത്തിയ മലയാളി യുവ തലമുറ അട്ടിമറിച്ചത്.
മാത്രമല്ല ഒട്ടേറെ യൂണിവേഴ്സിറ്റിയുടെ സ്കോറിങ് പോലും മലയാളി വിദ്യാര്‍ത്ഥികള്‍ മുഖേനെ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. പല കോഴ്സുകളിലും വിദ്യാര്‍ത്ഥികള്‍ എത്താതായതോടെ ഉപേക്ഷിക്കാൻ തയ്യാറായ യൂണിവേഴ്സിറ്റികളും കുറവല്ല. ഇത്തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇരച്ചെത്തിയ വിദ്യാര്‍ത്ഥി വിസക്കാര്‍ കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ബ്രിട്ടീഷ് കുടിയേറ്റത്തിനു നല്കിയ സംഭാവന. ഇതാകട്ടെ കേരളത്തില്‍ സ്റ്റുഡന്റ് അഡൈ്വസ് ഏജൻസികള്‍ നല്കിയ തെറ്റായ വിവരത്തില്‍ വീണു പോയതുകൊണ്ടും പഠിക്കാൻ സമര്‍ത്ഥര്‍ അല്ലെങ്കിലും ട്രെന്റിന് ഒപ്പം നീങ്ങിയില്ലെങ്കില്‍ മോശമല്ലേ എന്ന ചിന്തയും കൂടി വന്നപ്പോള്‍ സംഭവിച്ച ദുരന്തം കൂടിയാണ് എന്നും വ്യക്തം.
സ്റ്റുഡന്റ് വിസയില്‍ വന്നവരേക്കാള്‍ ദുരിതമാണ് കെയര്‍ വിസയില്‍ വന്നവര്‍ യുകെയില്‍ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടേണ്ട കെയര്‍ വിസയില്‍ ഉള്ള ജോലിക്കായി മധ്യ വയസ് പിന്നിട്ടിവരും ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവരും ഒക്കെയാണ് കൊടും തണുപ്പേറിയ രാജ്യത്തെ കാഠിന്യം നിറഞ്ഞ ജോലി സാഹചര്യത്തിലേക്ക് വിമാനമിറങ്ങിയത്. ഇതില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ ആയി ഡൊമൈസിലറി കെയര്‍ വിസ എന്ന തട്ടിപ്പിലേക്ക് മലയാളികാള്‍ പണമെറിഞ്ഞത് യുകെയില്‍ കാത്തിരിക്കുന്ന സുന്ദര ജീവിതം സ്വപ്നം കണ്ടാണ്. അഭിഭാഷകര്‍, ഡെന്റിസ്റ്റുകള്‍, അദ്ധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍ മുതല്‍ കരാര്‍ വ്യവസ്ഥതയില്‍ സര്‍ക്കാര്‍ ജോലികള്‍ ചെയ്തവര്‍ വരെയാണ് ആരോഗ്യ രംഗത്തെ തൊഴില്‍ മേഖലയുമായി പുല ബന്ധം പോലും ഇല്ലാതെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു കെയര്‍ ഹോമുകളിലും ഡോം കെയര്‍ വിസയിലും യുകെയെ തേടിയെത്തിയത്.
ഏതെങ്കിലും ആശുപത്രികളുടെയോ വൃദ്ധ സാദനങ്ങളുടെയോ ലെറ്റര്‍ ഹെഡില്‍ വര്‍ഷങ്ങളുടെ തൊഴില്‍ പരിചയം കാണിച്ചാണ് ഇവരില്‍ നല്ല പങ്കും യുകെ വിസ സംഘടിപ്പിച്ചത്. പ്രതിമാസം 1500 പൗണ്ട് പരമാവധി ലഭിക്കുന്ന ജോലിക്ക് വേണ്ടി കുടുംബത്തെ കൂട്ടി വന്നപ്പോളാണ് എത്ര ചുരുക്കി ജീവിച്ചാലും യുകെയിലെ സമകാലിക ജീവിത ചെലവ് 2000 പൗണ്ടിന് മുകളിലേക്കും ഉയരുകയാണ് എന്ന് ഇവരൊക്കെ തിരിച്ചറിഞ്ഞത്. ഇങ്ങനെ കെണിയില്‍ വീണവരാണ് കൃത്യമായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ തുടങ്ങിയത്.
മാത്രമല്ല ഇത്തരക്കാരില്‍ നിന്നും നിരന്തരം സഹായം തേടി ചാരിറ്റി സംഘടനകളിലും വിളികള്‍ വന്നതോടെ അഭയാര്‍ത്ഥികളെ പോലെ വന്നവരാണ് വിസ നേടി തൊഴില്‍ ചെയ്യാൻ വന്നവരും എത്തിയ സാഹചര്യം എന്ന് സര്‍ക്കാരിന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് മാന്യമായ ജീവിതം നയിക്കാൻ ഉള്ള ശമ്ബളം ലഭിക്കാത്തവര്‍ യുകെയില്‍ കുടുംബവുമായി ജീവിക്കാൻ ഒരുങ്ങി പുറപ്പെടേണ്ട എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കാൻ ഇടയായത് എന്നും വിലയിരുത്തപ്പെടുന്നു.






























