ദക്ഷിണ കൊറിയൻ ഗവേഷകരുടെ സംഘം ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്തു. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഈ നോൺ വെജിറ്റേറിയൻ അരിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതൊരു സെൽ കൾച്ചേർഡ് പ്രോട്ടീൻ റൈസാണ്. ഈ അരിയിൽ നിന്നും നമുക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കും. കന്നുകാലി പേശികളും കൊഴുപ്പ് കോശങ്ങളും ഉപയോഗിച്ച് ലാബിൽ വികസിപ്പിച്ചെടുത്തതാണ് ഈ അരി.
ബീഫിലുള്ളതിനേക്കാൾ പ്രോട്ടീൻ ഇതിലുണ്ട്. മാംസാഹാരം നിർമ്മിക്കുന്നിനേക്കാൾ ചെലവ് കുറച്ച് ഭാവിയിൽ ഇതുണ്ടാക്കിയെടുക്കാമെന്നും അവർ പറയുന്നു. പിങ്ക് നിറമുള്ള ഈ ബീഫ് റൈസിന് സാധാരണ അരിയേക്കാൾ കട്ടിയുണ്ട്. ഈ ഹൈബ്രിഡ് അരി മികച്ച പ്രോട്ടീൻ ഉറവിടവും അതോടൊപ്പം പരിസ്ഥിതി സൗഹാർദ്ദവുമായ ഒന്നാണ്. ഈ പരീക്ഷണം വിജയിച്ചാൽ കൂടുതലായി ഉത്പാദിക്കാനും അതുവഴി ഭക്ഷ്യപ്രതിസന്ധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും.
ലാബിൽ വികസിപ്പിച്ചെടുക്കുന്ന മാംസ ഉത്പന്നങ്ങൾ പോലെ തന്നെയാണ് ഈ അരിയുമെന്ന് പറയാം. മാംസകോശങ്ങൾ അരിയിൽ വളർത്തിയെടുത്താണ് ഈ അരി വികസിപ്പിച്ചെടുത്തത്. പരമ്പരാഗത ധാന്യങ്ങളേക്കാൾ വ്യത്യസ്തഘടനയും രുചിയുമാണ് ഇതിനുള്ളത്. ഭക്ഷ്യപ്രതിസന്ധി മറി കടക്കാൻ തക്കവിധത്തിലുള്ള ഒരു പുതിയ ഭക്ഷണമായാണ് ഇതിനെ ശാസ്ത്രജ്ഞന്മാർ നോക്കിക്കാണുന്നത്. സോയ ബീനിലും സമാനമായ പരീക്ഷണം നടത്തിയെങ്കിലും വിജയിക്കുകയുണ്ടായില്ലെന്നും പരീക്ഷണസംഘം അറിയിച്ചു.






























