ടോറംഗ: ന്യൂസിലാൻഡിലെ ടോറംഗയിൽ (Tauranga) നിന്ന് കാണാതായ മലയാളി യുവാവ് ജെയ്സ്മോൻ ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 20-ന് രാത്രി 9 മണി മുതലാണ് ഒട്ടുമോതൈ, മാക്സ്‌വെൽസ് റോഡ് പരിസരത്തുനിന്നും ഇദ്ദേഹത്തെ കാണാതായത്. കറുപ്പും വെളുപ്പും കലർന്ന വസ്ത്രം ധരിച്ച ജെയ്സ്മോനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മലയാളി സംഘടനകളും പോലീസും തിരച്ചിൽ നടത്തിവരികയായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ടോറംഗ പോലീസാണ് മൃതദേഹം കണ്ടെടുത്ത വിവരം സ്ഥിരീകരിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തുടർനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് മലയാളി അസോസിയേഷൻ അറിയിച്ചു. ജെയ്സ്മോന്റെ അപ്രതീക്ഷിത വിയോഗത്തിൽ ന്യൂസിലാൻഡ് മലയാളി സമൂഹം കടുത്ത ഞെട്ടലിലും ദുഃഖത്തിലുമാണ്.






























