ലണ്ടൻ: വ്യാജ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ ലണ്ടനിൽ ഇന്ത്യക്കാർ വീസ തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ട്. രാജ്യാന്തര മാധ്യമങ്ങളുടെ അന്വേഷണത്തിലാണ് തട്ടിപ്പ് ശൃംഖലയുടെ പ്രവർത്തനം വെളിച്ചത്ത് വന്നത്. സമൂഹമാധ്യമത്തിൽ പരസ്യം നടത്തിയാണ് തട്ടിപ്പുകാർ കെണിയൊരുക്കുന്നത്. വീസ ലഭിക്കുന്നതിനായി വ്യാജ കൺസൾട്ടന്റുമാർ, വ്യാജ ജോലികൾ, വ്യാജ സർട്ടിഫിക്കറ്റുകൾ, വ്യാജ ശമ്പള രേഖകൾ എന്നിവയെല്ലാം തട്ടിപ്പുകാർ അധികൃതർക്ക് മുന്നിലെത്തിക്കുന്നു. ഇതുവഴി അനധികൃത കുടിയേറ്റക്കാർക്ക് യുകെയിലേക്ക് വരാനും താമസിക്കാനും നിയമപരമായ സാഹചര്യങ്ങൾ തുറന്നുകൊടുക്കുന്നു.
കെയർ ഹോമുകൾ, വെയർഹൗസുകൾ, ഫാസ്റ്റ്ഫുഡ് റസ്റ്ററന്റുകൾ എന്നിവിടങ്ങളിലെ ജോലിക്കായിട്ടാണ് ഇത്തരത്തിലുള്ള വ്യാജ രേഖ ഉപയോഗിച്ച് വരുന്ന ആളുകൾ ജോലി തേടുന്നത്. വിദഗ്ദ്ധ തൊഴിലാളി വീസകളുടെ ‘വ്യാപകമായ’ ദുരുപയോഗം കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്.
ഇതിനകം ഈ രീതിയിൽ യുകെയിലേക്ക് വന്ന 1.2 ദശലക്ഷം കുടിയേറ്റക്കാരിൽ പലരും പെർമിറ്റുകൾ കാലഹരണപ്പെട്ടതിന് ശേഷം അനധികൃതമായി ജോലിയിൽ തുടരുന്നുവെന്ന് ഹോം ഓഫിസിന് അറിയില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥി വീസയുടെ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥിയായി വേഷമിട്ടാണ് റിപ്പോർട്ടർ അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന കോമൾ ഷിൻഡെ എന്ന വനിതയെ ബന്ധപ്പെട്ടത്. നിലവിലില്ലാത്ത ജോലിക്കായി വിദഗ്ദ്ധ തൊഴിലാളി വീസ നൽകുന്നതിന് ഏർപ്പാട് ചെയ്യാമെന്ന് കോമൾ ഷിൻഡെ റിപ്പോർട്ടർക്ക് ഉറപ്പ് നൽകി.
ഗിൽ ലവ് എന്ന പേരിൽ അറിയപ്പെടുന്ന രൂപ് മസീഹ് ബിസിനസ്സ് പങ്കാളി സാക്ക് എന്നിവരും ഇത്തരത്തിൽ വീസ തട്ടിപ്പ് നടത്തുന്നുണ്ട്. 25,000 പൗണ്ടിന് വിദഗ്ധ തൊഴിലാളി പെർമിറ്റ് വാഗ്ദാനം ചെയ്താണ് വ്യാജ രേഖകൾ ഉപയോഗിച്ച് വീസ സംഘടിപ്പിക്കുന്നത്. തങ്ങൾ യഥാർത്ഥ തൊഴിലാളികളാണെന്ന് വിശ്വസിപ്പിക്കാൻ ഹോം ഓഫിസിനെ കബളിപ്പിക്കുന്നതിന്, തട്ടിപ്പുകാർ ‘കെയ്ലന്റുകളിലൂടെ’ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നൽകും. പക്ഷേ ഉടൻ തന്നെ ഈ തുക പണമായി തിരികെ തട്ടിപ്പുകാർ വാങ്ങും. ബാങ്ക് അക്കൗണ്ടിൽ ശമ്പളം ലഭിക്കുന്നതായി കാണിക്കുന്നതിനാണ് ഈ നീക്കം.
വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്നതിന്, തൊഴിലുടമകൾക്ക് സാധാരണയായി ഹോം ഓഫിസിൽ നിന്ന് ഒരു സ്പോൺസർ ലൈസൻസ് ആവശ്യമാണ്. യോഗ്യരായ വിദേശ ജീവനക്കാർക്ക് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകാൻ ഇത് കമ്പനിയെ അനുവദിക്കുന്നു, ഇത് ഒരു തൊഴിലാളിക്ക് 525 പൗണ്ട് ചെലവാകും. ഇത്തരം തട്ടിപ്പിലൂടെ സ്പോൺസർ ലൈസൻസിന്റെ സത്യസന്ധത പോലും ചോദ്യം ചെയ്യപ്പെടുകയാണ്.
അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് വാർത്തയോട് ഹോം ഓഫിസ് വക്താവ് പ്രതികരിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ഇത് അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി.































