ലണ്ടൻ: ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് തടസ്സം നിൽക്കുന്ന ബ്രിട്ടനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരെ കടുത്ത വ്യാപാര ഉപരോധങ്ങൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി ഒന്നു മുതൽ ബ്രിട്ടനിൽ നിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്നും ജൂൺ മാസത്തോടെ ഇത് 25 ശതമാനമായി ഉയർത്തുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഡാനിഷ് സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിന്റെ നിയന്ത്രണം വിട്ടുനൽകാൻ ഡെന്മാർക്കോ മറ്റ് നാറ്റോ സഖ്യകക്ഷികളോ തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ആർട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനമാണ് ഗ്രീൻലൻഡിനെ ട്രംപിന്റെ ലക്ഷ്യമാക്കുന്നത്. ചൈനയുടെയും റഷ്യയുടെയും ആർട്ടിക് മേഖലയിലെ വർധിച്ചുവരുന്ന ഇടപെടലുകൾ തടയാൻ ഗ്രീൻലൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാകണമെന്നാണ് ട്രംപിന്റെ വാദം. അപൂർവ്വമായ ധാതുക്കളുടെയും പ്രകൃതിവാതകത്തിന്റെയും വൻ ശേഖരം ഗ്രീൻലൻഡിലുണ്ടെന്ന് കരുതപ്പെടുന്നു. ഗ്രീൻലൻഡിൽ ബ്രിട്ടനും ഡെന്മാർക്കും സംയുക്തമായി നടത്തുന്ന സൈനിക നിരീക്ഷണങ്ങൾ അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ട്രംപ് കരുതുന്നു.
ട്രംപിന്റെ ഈ ‘താരിഫ് യുദ്ധം’ ബ്രിട്ടിഷ് വിപണിയെ തകർക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 10 ശതമാനം നികുതി ഏർപ്പെടുത്തുന്നത് വഴി ബ്രിട്ടന് പ്രതിവർഷം 600 കോടി പൗണ്ടിന്റെ (ഏകദേശം 65,000 കോടി രൂപ) അധിക ബാധ്യതയുണ്ടാകും. യന്ത്രസാമഗ്രികൾ, വാഹനങ്ങൾ, മരുന്നുകൾ എന്നീ മേഖലകളിലെ കയറ്റുമതിയെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. അമേരിക്കയിലേക്ക് ഉൽപന്നങ്ങൾ അയക്കുന്ന ബ്രിട്ടിഷ് കമ്പനികൾക്ക് രാജ്യാന്തര വിപണിയിൽ വില വർധിപ്പിക്കേണ്ടി വരും. ഇത് കമ്പനികളുടെ ലാഭത്തെയും തൊഴിലവസരങ്ങളെയും ബാധിക്കും.
അമേരിക്കൻ നീക്കം തികച്ചും തെറ്റാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വ്യക്തമാക്കി. ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലൻഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നാറ്റോ സഖ്യത്തിനുള്ളിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ട്രംപിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് കെമി ബാഡനോക്കും ലിബറൽ ഡെമോക്രാറ്റുകളും രൂക്ഷമായി വിമർശിച്ചു. ബ്രിട്ടിഷ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ഗവൺമെന്റ് അടിയന്തരമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.































