ലണ്ടൻ: ബ്രിട്ടനിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തുകൊണ്ട് രഹസ്യമായി മറ്റ് ജോലികൾ കൂടി ചെയ്യുന്നവർക്കെതിരെ സർക്കാർ നടപടി കടുപ്പിക്കുന്നു. ‘വർക്ക് ഫ്രം ഹോം’ സൗകര്യം ദുരുപയോഗം ചെയ്ത് ഒരേസമയം രണ്ട് സ്ഥാപനങ്ങളിൽ നിന്ന് ശമ്പളം പറ്റുന്ന ‘പോളിഗാമസ് വർക്കിങ്’ രീതിക്കെതിരെയാണ് കാബിനറ്റ് ഓഫിസ് അന്വേഷണം ശക്തമാക്കിയത്. 2016ന് ശേഷം ഇത്തരത്തിൽ പിടിക്കപ്പെട്ട 301 ജീവനക്കാരിൽ നിന്നായി ഏകദേശം 1.35 മില്യൻ പൗണ്ട് (ഏകദേശം 14 കോടിയിലധികം രൂപ) ഇതിനോടകം സർക്കാർ തിരിച്ചുപിടിച്ചു.
മുൻപൊക്കെ ഇത്തരം ഇരട്ട ജോലികൾ കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാൽ ഇപ്പോൾ നാഷനൽ ഫ്രോഡ് ഇനിഷ്യേറ്റീവ് (NFI) വഴി പെൻഷൻ ഡാറ്റയും എച്ച്എംആർസി പേറോൾ വിവരങ്ങളും അത്യാധുനിക സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സർക്കാർ താരതമ്യം ചെയ്യുന്നുണ്ട്. ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ നിന്ന് നാഷനൽ ഇൻഷുറൻസ് വിഹിതം അടയ്ക്കുന്നത് വഴിയാണ് പലരും കുടുങ്ങുന്നത്. നികുതിദായകരുടെ പണം മോഷ്ടിക്കുന്നതിന് തുല്യമായാണ് സർക്കാർ ഇതിനെ കാണുന്നത്.
പൊതുമേഖലയിലെ താരതമ്യേന കുറഞ്ഞ ശമ്പളവും ലണ്ടൻ പോലുള്ള നഗരങ്ങളിലെ കുതിച്ചുയരുന്ന ജീവിതച്ചെലവുമാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്. “എന്റെ ജോലിയിലെ ഭൂരിഭാഗം കാര്യങ്ങളും ഓട്ടോമേറ്റ് ചെയ്തതിലൂടെ ലഭിച്ച അധിക സമയം ഉപയോഗിച്ചാണ് മറ്റൊരു കരാർ ജോലി ചെയ്തത്,” എന്ന് മുൻ ജീവനക്കാരനായ ഇംതിയാസ് ഷംസ് ബിബിസിയോട് വെളിപ്പെടുത്തി. എങ്കിലും, ഇത്തരം പ്രവണതകൾ തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
യുകെ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുകെയിലെ മലയാളി സമൂഹം ഈ വിഷയത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. നിങ്ങളുടെ എംപ്ലോയ്മെന്റ് കോൺട്രാക്ടിൽ ‘Exclusive Service Clause’ ഉണ്ടോ എന്ന് പരിശോധിക്കുക. മറ്റൊരു ജോലി ചെയ്യാൻ തൊഴിലുടമയുടെ അനുമതി വേണമെന്ന നിബന്ധന ലംഘിക്കുന്നത് ‘ഗ്രോസ് മിസ്കോണ്ടക്ട്’ (Gross Misconduct) ആയി കണക്കാക്കി ജോലിയിൽ നിന്ന് പുറത്താക്കാൻ കാരണമാകും. ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ പൂർണ്ണ ശമ്പളം കൈപ്പറ്റുന്നത് തട്ടിപ്പായി കണക്കാക്കി ക്രിമിനൽ നടപടികൾക്ക് ഇടയാക്കാം. ഇത് ഭാവിയിലെ വീസ പുതുക്കലിനെയും പൗരത്വത്തെയും ബാധിച്ചേക്കാം. രണ്ടാമതൊരു ജോലി ചെയ്യുമ്പോൾ നിങ്ങളുടെ ടാക്സ് കോഡിൽ മാറ്റം വരും. ഇത് വഴി ആദ്യത്തെ തൊഴിലുടമയ്ക്ക് നിങ്ങളുടെ രണ്ടാമത്തെ വരുമാനത്തെക്കുറിച്ച് സൂചന ലഭിക്കാൻ സാധ്യതയുണ്ട്.
ലണ്ടനിലെ ഒരു കൗൺസിലിൽ സോഷ്യൽ വർക്കറായി ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഉൾപ്പെടെയുള്ളവർ മുൻപ് സമാനമായ അന്വേഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽ അധിക വരുമാനത്തിനായി ശ്രമിക്കുമ്പോൾ അത് നിയമവിധേയമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.































