തിരുവനന്തപുരം: കല, സാഹിത്യം, ചലച്ചിത്രം തുടങ്ങിയ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി കേരള ആർട്സ് & കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഗ്രാൻഡ് കേരള അവാർഡ് 2K26 പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ചിത്രകാരനും എഴുത്തുകാരനുമായ സേതുനാഥ് പ്രഭാകർ ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായി. ചിത്രകലയിലെ രാജ്യാന്തര നേട്ടങ്ങളും ഓസ്‌ട്രേലിയയിലെ ഗ്ലോബൽ വിസ ഹോൾഡർ എന്ന നിലയിലുള്ള മികവും പരിഗണിച്ചാണ് ഈ ആദരം.
ഏപ്രിൽ 27 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ പുരസ്കാരം സമ്മാനിക്കും.കൊച്ചി സ്വദേശിയായ സേതുനാഥ് പ്രഭാകർ നാലാം വയസ്സിൽ പ്രകൃതിദത്ത കരിയും ചോക്കും ഉപയോഗിച്ചാണ് ചിത്രരചനയുടെ ലോകത്തേക്ക് കടന്നുവന്നത്. ബറോഡ ഫൈൻ ആർട്സ് കോളേജിലെ പഠനത്തിന് ശേഷം ഗുജറാത്തിലെ ‘ആരാധനാ ധാം’ ജൈന ക്ഷേത്രത്തിൽ നിർമ്മിച്ച സ്ഥിരം ആർട്ട് ഗാലറി അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. ഇതിന് ഗുജറാത്ത് സർക്കാരിന്റെ ‘ഹേമപ്രഭു ഗുരു’ പുരസ്കാരവും ലഭിച്ചു.മാധവിക്കുട്ടി (കമല സുരയ്യ) ഉദ്ഘാടനം ചെയ്ത ‘ഗോഡ് ഓഫ് റിലീജിയൻ’ എന്ന സോളോ എക്സിബിഷനിലൂടെയാണ് അദ്ദേഹം കേരളത്തിൽ ശ്രദ്ധേയനായത്. ഭരത് മുരളി, ശരദ് പവാർ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര നേട്ടങ്ങൾ:
2009-ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ അദ്ദേഹം, അവിടെ 200 ഓളം കലാകാരന്മാർ പങ്കെടുത്ത മത്സരത്തിൽ ‘സ്റ്റാൻഡിങ് അറ്റ് ദി ക്രോസ് റോഡ്’ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വംശജനായി. ഓസ്‌ട്രേലിയൻ തദ്ദേശീയ ചിത്രകലയും ഇന്ത്യൻ ശൈലിയും കൂട്ടിയിണക്കിയുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടവയാണ്.ചിത്രകലയ്ക്ക് പുറമെ
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ജേതാവ് കൂടിയായ സേതുനാഥ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങളെയും വർഗീയ ധ്രുവീകരണത്തെയും ആസ്പദമാക്കി ‘മിത്തോളജി’ പശ്ചാത്തലത്തിൽ പുതിയ ചിത്രപരമ്പരകൾ തയ്യാറാക്കിവരികയാണ്.യു . ആർ. എഫിിൻ്റെ ഓസ്ട്രേലിയൻ ജൂറികൂടിയാണിദ്ദേഹം.
സിനിമ, ടെലിവിഷൻ, നാടകം, സാഹിത്യം, ചിത്രകല തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾ ഗ്രാൻഡ് കേരള അവാർഡ് സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.































