കാൻബെറ: ഓസ്‌ട്രേലിയയിൽ മാരകമായ എച്ച്5 (H5) പക്ഷിപ്പനി വൈറസ് വീണ്ടും സ്ഥിരീകരിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ റോസസ് ബീച്ചിൽ കണ്ടെത്തിയ ‘ജയന്റ് പെട്രൽ’ (Giant Petrel) എന്ന ഇനത്തിൽപ്പെട്ട കുടിയേറ്റ കടൽപ്പക്ഷിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച പക്ഷികളുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. ഓസ്‌ട്രേലിയൻ കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആർ.ഒ (CSIRO) നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ഫെഡറൽ കൃഷി, വനംവകുപ്പ് മന്ത്രി ജൂലി കോളിൻസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ സ്ഥിരീകരിച്ച അഞ്ച് കേസുകളിൽ നാലെണ്ണവും വെസ്റ്റേൺ ഓസ്‌ട്രേലിയയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കേസ് സൗത്ത് ഓസ്‌ട്രേലിയയിലും കണ്ടെത്തിയിരുന്നു. ഇതേസമയം, വിക്ടോറിയയിൽ നടത്തിയ മറ്റൊരു പക്ഷിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്.
വൈറസ് ബാധ വന്യജീവികളിലേക്കോ വളർത്തുപക്ഷികളിലേക്കോ പടർന്നതായി ഇതുവരെ സൂചനകളില്ലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ കൃഷി മന്ത്രി ജാക്കി ജാർവിസ് അറിയിച്ചു. എങ്കിലും ജാഗ്രത ശക്തമാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കണ്ടെത്തുകയാണെങ്കിൽ പൊതുജനങ്ങൾ അവയെ സ്പർശിക്കരുതെന്നും, ഉടൻ തന്നെ എമർജൻസി അനിമൽ ഡിസീസ് ഹോട്ട്‌ലൈനിൽ (1800 675 888) വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.































