ലണ്ടൻ/വെയിൽസ് : കാട്ടുതീയുടെ അതീവ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് ഇംഗ്ലണ്ടിലും വെയിൽസിലും ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് അയച്ചതെന്ന് ബ്രിട്ടിഷ് സർക്കാർ. വെള്ളിയാഴ്‌ച വൈകിട്ട് ലഭിച്ച അലർട്ട് ‘തികച്ചും ഉചിതമായ തീരുമാനമായിരുന്നു’ എന്നാണ് സർക്കാർ വിശദീകരണം.
രാജ്യത്തെങ്ങും കാട്ടുതീ പടരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന മുന്നറിയിപ്പോടെയാണ് ഫോണുകളിലേക്ക് പ്രത്യേക ശബ്ദത്തോടെയുള്ള അലർട്ട് എത്തിയത്. ഡിസ്പോസബിൾ ബാർബിക്യൂ, തുറന്ന തീ, പടക്കങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.
അലർട്ട് അയച്ച സമയത്ത് 43 കാട്ടുതീകളും 11 പ്രധാന അടിയന്തര സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെ അഗ്നിരക്ഷാ സേന വിഭാഗം സമ്മർദത്തിലായിരുന്നുവെന്നും സൈനിക സഹായം പോലും ആവശ്യമായി വന്നിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്‌താവ് പറഞ്ഞു. എന്നാൽ അലർട്ടിനെ കുറിച്ച് മുൻകുട്ടി അറിയിപ്പ് നൽകാതിരുന്നതിനെതിരെ ഗാർഹിക പീഡന അതിജീവിതർക്കും ചാരിറ്റി സംഘടനകൾക്കും കടുത്ത ആശങ്കയുണ്ട്.
ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ചിലർ രഹസ്യമായി സൂക്ഷിക്കുന്ന രണ്ടാമത്തെ മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായി വലിയ ശബ്‌ദത്തോടെ അലർട്ട് വന്നതോടെ രഹസ്യ ഫോൺ കൈവശമുള്ളവരെ കുറിച്ച് പങ്കാളികളുടെ ശ്രദ്ധയിൽപ്പെടാനുള്ള സാധ്യത വർധിച്ചെന്നാണ് വനിതാ സഹായ സംഘടനയായ വിമൻസ് എയ്‌ഡ് ചൂണ്ടിക്കാട്ടുന്നത്.
സാധ്യമാകുന്നിടത്തെല്ലാം ഇത്തരം അടിയന്തര അലർട്ടുകൾക്ക് മുൻപ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് വിമൻസ് എയ്ഡിന്റെ പ്രതിനിധി വെറോണിക്ക ഓക്‌ഷോട്ട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ഭൂരിഭാഗം ആളുകൾക്കും അലർട്ട് ലഭിച്ചത്. രാജ്യവ്യാപകമായി ഇത്രയും വലിയ തോതിൽ അടിയന്തര അലർട്ട് സംവിധാനം ഉപയോഗിക്കുന്നത് ഇതാദ്യമായിരുന്നു. അലർട്ട് ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി ആൻഡി ബേണം നേരത്തെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
അലർട്ടിനെക്കുറിച്ചുള്ള കാബിനറ്റ് ഓഫീസിൻ്റെ അറിയിപ്പ് വെള്ളിയാഴ്ച വൈകിട്ട് ഏകദേശം 6.45ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും മാധ്യമങ്ങളിൽ പലരും അത് ശ്രദ്ധിച്ചില്ല. ഇതോടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് ഉണ്ടായത്. നാഷനൽ ഫയർ ചീഫ്‌സ് കൗൺസിൽ ചെയർമാൻ ഫിൽ ഗാരിഗൻ അടിയന്തര അലർട്ടിനോട് പൊതുജനം നൽകിയ പ്രതികരണത്തിന് നന്ദി അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ അടിയന്തര സേവനങ്ങൾക്ക് നേരിടേണ്ടിവന്ന കാട്ടുതീ സംഭവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി അദ്ദേഹം ബി.ബി.സി റേഡിയോ 4ൻ്റെ ടുഡേ പരിപാടിയിൽ പറഞ്ഞു.
എങ്കിലും ഹാംപ്ഷയർ, കേംബ്രിജ്ഷയർ, സൗത്ത് വെയിൽസ്, വെസ്റ്റ് മിഡ്ലൻഡ്‌സ് എന്നിവിടങ്ങളിൽ നാല് പ്രധാന അടിയന്തര സംഭവങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. അടിയന്തര അലർട്ട് ഇംഗ്ലിഷിന് മുമ്പ് വെയിൽഷ് ഭാഷയിൽ ഫോണുകളിൽ എത്തിയതിനെക്കുറിച്ചും ചില രാഷ്ട്രീയ നേതാക്കൾ ചോദ്യം ഉന്നയിച്ചു. എന്നാൽ വെയിൽഷ് ലാംഗ്വേജ് ആക്‌ട് പ്രകാരം വെയിൽഷ് ഭാഷയിലാണ് ഇത്തരം മുന്നറിയിപ്പുകൾ ആദ്യം നൽകേണ്ടതെന്നും സാധ്യമാകുന്നിടത്തെല്ലാം അലർട്ടുകൾ ഇരുഭാഷകളിലും അയക്കാറുണ്ടെന്നും ബ്രിട്ടിഷ് സർക്കാർ വ്യക്തമാക്കി.






























