കോഴിക്കോട്: പന്നിയങ്കരയിൽ വിവാഹ വീട്ടിൽ മദ്യം ചോദിച്ചെത്തിയ യുവാവിൻ്റെ പരാക്രമം. ചക്കുംകടവ് സ്വദേശി മുബീനാണ് വീട്ടിൽ ഉണ്ടായിരുന്ന വരന്‍റെ സുഹൃത്തിനെ ആക്രമിച്ചത്. പരിക്കേറ്റ ഇൻസാഫ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
പന്നിയങ്കര സ്വദേശി വിഷ്ണുവിൻ്റെതായിരുന്നു വിവാഹം. പുലർച്ചെ രണ്ട് മണിയോടെ മുബീൻ അതിക്രമിച്ച് വിഷ്ണുവിൻ്റെ വീടിനുള്ളിലേക്ക് കയറി മദ്യം ചോദിച്ചു. വിഷ്ണു സുഹൃത്തുകളുടെ സഹായത്തോടെ മുബീനെ വീട്ടിൽ നിന്ന് പിടിച്ചു മാറ്റി. എന്നാൽ മുബീൻ വീണ്ടും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു.
കല്യാണപ്പുരയ്ക്ക് അടുത്തുള്ള റോഡിൽ വച്ചാണ് മുബീൻ ഇൻസാഫിനെ ആക്രമിച്ചത്. ബാർബർ ഷോപ്പിലെ കത്തി കൊണ്ടായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ വിഷ്ണുവും മറ്റു സുഹൃത്തുകളും ചേർന്നാണ് ഇൻസാഫിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിനു ശേഷം മുബീൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പന്നിയങ്കര പൊലീസ് അന്വേഷണം തുടങ്ങി.































