യൂറോപ്യന്‍ പാര്‍ലമെന്റ് യോഗത്തില്‍ മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ. മണിപ്പൂര്‍ വിഷയം ആഭ്യന്തര കാര്യം മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി.
ജൂലൈ 10 മുതല്‍ 13 വരെ സ്ട്രാസ്ബര്‍ഗില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിലാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച അടിയന്തര ചര്‍ച്ചയ്ക്കായി പാര്‍ലമെന്ററി ഗ്രൂപ്പുകള്‍ പ്രമേയങ്ങള്‍ സമര്‍പ്പിച്ചത്.
ബുധനാഴ്ച്ച വാര്‍ത്താ സമ്മേളനത്തില്‍ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘മണിപ്പൂര്‍ വിഷയം എന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്’, എന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ‘പാര്‍ലമെന്റില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റംഗങ്ങളെ സമീപിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അവരോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
നിലവിലെ പ്ലീനറി സമ്മേളനത്തില്‍ തങ്ങളുടെ പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ലോബിയിംഗ് ഏജന്‍സിയായ ആല്‍ബര്‍ ആന്‍ഡ് ഗീഗര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമേയം പിന്‍വലിക്കാന്‍ ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നോ എന്ന ചോദ്യത്തോട് വിനയ് ക്വാത്ര പ്രതികരിച്ചില്ല.































