പാരീസ്: ഫ്രാൻസില്‍ കുടിയേറ്റം നിയന്ത്രിക്കാൻ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതോടെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
ബില്‍ കൊണ്ടുവന്ന ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിൻ രാജിസന്നദ്ധത അറിയിച്ചെങ്കിലും മക്രോണ്‍ സ്വീകരിച്ചില്ല.
ബില്‍ പാസായിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തിലധികം ജയില്‍ശിക്ഷ അനുഭവിച്ച കുടിയേറ്റക്കാരെ ഫ്രാൻസില്‍നിന്നു പുറത്താക്കാൻ കഴിയുമായിരുന്നു. അതോടൊപ്പം കുടിയേറ്റക്കാര്‍ക്കു ബന്ധുക്കളെ ഫ്രാൻസിലേക്കു കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലാതാവുകയും ചെയ്യുമായിരുന്നു.
265നെതിരേ 270 വോട്ടുകള്‍ക്കാണു ബില്‍ പരാജയപ്പെട്ടത്. ബില്ലിനെതിരേ ഇടതുപക്ഷവും വലതുപക്ഷവും ചെറുകിട പാര്‍ട്ടികളും ഒരുമിച്ചു വോട്ട് ചെയ്യുകയായിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ വളരെ കര്‍ശനമെന്നു പറഞ്ഞാണ് ഇടതുപക്ഷം എതിര്‍ത്തത്. എന്നാല്‍, ബില്ലിനു കടുപ്പം പോരെന്നാണ് വലതുപക്ഷത്തിന്‍റെ നിലപാട്.
2022ലെ തെരഞ്ഞെടുപ്പില്‍ മാക്രോണിന്‍റെ റിനയ്സെൻസ് പാര്‍ട്ടിക്കു ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതുമൂലം പാര്‍ലമെന്‍റില്‍ വലിയ പ്രതിസന്ധിയാണു സര്‍ക്കാര്‍ നേരിടുന്നത്.






























