ടോക്കിയോ: 49-ാമത് ത്രിദിന ജി -7 ഉച്ചകോടിയ്ക്ക് ജപ്പാനിലെ ഹിരോഷിമയില്‍ ഇന്നലെ തുടക്കമായി.
ലോകത്താദ്യമായി ആണവാക്രമണത്തിന് സാക്ഷിയായ ഹിരോഷിമ നഗരത്തിലെ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ നേതാക്കള്‍ പുഷ്പചക്രം അര്‍പ്പിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനിടെ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബുകള്‍ 226,000 ത്തോളം മനുഷ്യരുടെ ജീവനാണ് കവര്‍ന്നത്. ആണവ നിരായുധീകരണവും ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാണ്.
ജപ്പാന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ അടക്കം ഒമ്ബത് രാജ്യങ്ങളാണ് ഉച്ചകോടിയില്‍ അതിഥികളായി പങ്കെടുക്കുന്നത്.
റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജി 7 നേതാക്കള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സാങ്കേതികവിദ്യ, വ്യാവസായിക ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഉപരോധത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
റഷ്യന്‍ ഡയമണ്ട്, അലൂമിനിയം, നിക്കല്‍, ചെമ്ബ് എന്നിവയ്ക്ക് ബ്രിട്ടണ്‍ കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത ജി 7 നേതാക്കള്‍ യുക്രെയിന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്ന് ആവശ്യപ്പെട്ടു.