ഇടുക്കി: കനത്ത മഴയിൽ മരണവും നാശനഷ്ടങ്ങളും സംഭവിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ല അതീവ ജാഗ്രതയിലേക്ക്. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് മധ്യവയസ്കൻ മരിച്ചു. ഇതിന് തൊട്ടു പിന്നാലെയാണ് മൂന്നാറിൽ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചത്.
അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന മാലയുടെ (42) മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് പതിച്ചത്. മൂന്നാർ ലക്ഷം കോളനിയിലാണ് സംഭവം. 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകൾ നാട്ടുകാരെ വിളിച്ചു കൂട്ടി. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും സംയുക്തമായി ശ്രമിച്ചാണ് വീട്ടമ്മയെ പുറത്തെടുത്തത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല































