ഹണി റോസ് നായികയായി എത്തുന്ന റേച്ചൽ റിലീസിനൊരുങ്ങുകയാണ്. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. ഡിസംബർ 12നാണ് സിനിമയുടെ റിലീസ്. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകളും പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു.
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന ‘റേച്ചൽ’ 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം കൂടിയാണിത്. മാതൃഭൂമി വിഷുപതിപ്പ് സാഹിത്യ മത്സരത്തിൽ പുരസ്കാരം നേടിയ രാഹുൽ മണപ്പാട്ടിന്റെ ഇറച്ചികൊമ്പ് എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയാണ് രാഹുൽ മണപ്പാട്ട്.
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും നിക്കോളാസായി റോഷൻ ബഷീറും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ആദ്യ ഗാനമായി ഇറങ്ങിയ ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ ഏറെ സ്വീകാര്യത നേടുകയുണ്ടായി.































