തൃശൂർ: ഇന്ത്യൻ ആർമിയിൽ സേവനം സ്വപ്നം കാണുന്നവർക്ക് പ്രചോദനമായി ഇനി ഈ തൃശൂരുകാരന്റെ പേരുണ്ടാകും. നാടിന് അഭിമാന നേട്ടവുമായി ചെറിയ പ്രായത്തിൽ മികച്ച പദവിയിൽ ജോലിയിൽ പ്രവേശിക്കുകയാണ് തൃശൂർ സ്വദേശി ശ്രീറാം. കരസേനയുടെ ലെഫ്റ്റനന്റ് പദവിയിലാണ് ശ്രീറാമിന്റെ ആദ്യ സേവനം. പൂനെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് എൻഡിഎ ഡിഗ്രിയിൽ മികച്ച വിജയം നേടി. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ഒരു വർഷത്തെ ട്രെയിനിങ്ങും പൂർത്തിയാക്കി. ഇനിയുള്ള ചുവടുകൾ രാജ്യത്തിന് സമർപ്പിച്ച് നേരിട്ട് ഓഫീസർ റാങ്കിൽ ചുമതലയേക്കുകയാണ് ശ്രീറാം.
ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ടേ ബിരുദദാനം നിർവഹിച്ചു. ആറാം ക്ലാസിൽ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പഠനം ആരംഭിച്ച ശ്രീറാം പ്ലസ് ടു ബയോമാത്സിൽ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. പിന്നീട് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെയും സർവീസ് സെലക്ഷൻ ബോർഡിന്റേയും പരീക്ഷ പാസായി. തുടർന്നാണ് 2019 -ൽ എൻ ഡി എ -യിൽ ചേരുന്നത്. പഠനകാലത്ത് നടന്ന ഫയറിങ് ഷൂട്ടിൽ രണ്ടാം സമ്മാനം നേടി. അതോടൊപ്പം വിദ്യാർഥികളുടെ ഡ്രിൽ ട്രെയിനിങ്ങിലും മികച്ച അംഗീകാരം നേടി. കാരസേനയിൽ ലഫ്റ്റനന്റ് പദവിയിയിലേക്കുയർത്തപ്പെട്ട ശ്രീറാമിന് സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാരും കുടുംബാംഗങ്ങളും.
തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘം ഫാർമസിസ്റ്റ് കോലഴി കെപി ഗോപകുമാറിന്റെയും മെഡിക്കൽ കോളജ് എം ആർ ഐ സ്കാൻ സെന്ററിലെ ജീവനക്കാരി സിആർ അപർണയുടേയും മൂത്ത മകനാണ് ജി ശ്രീറാം. കെമിക്കൽ എൻജിനീയറിങ് ബിടെക് വിദ്യാർത്ഥി ജി രവിശങ്കർ സഹോദരനാണ്.