ന്യൂഡല്‍ഹി: മാലദ്വീപിന്റെ ഇന്ത്യവിരുദ്ധ നിലപാടിനുള്ള തിരിച്ചടിയായി ടൂറിസം വരുമാനത്തില്‍ നേരിട്ടത് വൻഇടിവ്.
ഇന്ത്യ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെയാണ് മാലദ്വീപിലെ ടൂറിസം മേഖല തകിടം മറിഞ്ഞത്. ഇന്ത്യക്കാരുടെ സന്ദർശനം കുറഞ്ഞതോടെ ടൂറിസ്റ്റുകളുടെ വരവില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023ല്‍ ഇന്ത്യ ആയിരുന്നു മാലദ്യീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. ഇന്ത്യക്കാരുടെ സന്ദർശനം കുറഞ്ഞതോടെ ടൂറിസ്റ്റുകളുടെ വരവില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2023-ല്‍ 17 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ദ്വീപ് സന്ദർശിച്ചു, അതില്‍ 2,1 ലക്ഷത്തിലധികം പേർ ഇന്ത്യക്കാരാണ്, റഷ്യയും (രണ്ട് ലക്ഷം), ചൈനയുമാണ് (1.8 ലക്ഷം) തൊട്ടുപിന്നില്‍.
കൊവിഡ് കാലത്ത് പോലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസം സ്പോട്ടായിരുന്നു മാലദ്വീപ്. ഓഫ് സീസണുകളില്‍ പോലും ഇന്ത്യൻ ടൂറിസ്റ്റുകളായിരുന്നു മാലദ്വീപിന്റെ പ്രധാന വരുമാന സ്രോതസ്. ഇന്ത്യൻ സന്ദർശകർ കുറഞ്ഞതിലൂടെ 1.8 മുതല്‍ 2 ബില്യണ്‍ ഡോളർ (200 കോടി രൂപ) മാലദ്വീപിന് നഷ്ടം സംഭവിക്കാമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
2023ല്‍ മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റ മുഹമ്മദ് മുയിസു ഇന്ത്യവിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെ ചൈനയുമായി മാലദ്വീപ് കരാറുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ രംഗത്തെത്തി. ഇതോടെയാണ് ഇന്ത്യയില്‍ മാലദ്വീപിനെതിരെ പ്രതിഷേധം ഉടലെടുത്തത്.






























