ചെന്നൈ: താനും മക്കളും നേരിടുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് ഗായിക ചിന്മയി ശ്രീപദ. തന്റെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരെ കുറിച്ചാണ് ചിന്മയി പറഞ്ഞത്. തന്റെ കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നും അവരെ കൊല്ലുമെന്നു വരെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്നും ചിന്മയി പറഞ്ഞു. കുറച്ച് ദിവസം മുൻപ് ചിന്മയിയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവുമായ രാഹുൽ രവീന്ദ്രൻ താലി (മംഗൾസൂത്ര) ധരിക്കുന്നതിനെ കുറിച്ച് ഒരു പരാമർശം നടത്തിയതിന് പിന്നാലെയാണ് നിലവിലെ ഓണ്ലൈൻ ആക്രമണമെന്ന് ചിന്മയി പറഞ്ഞു.
“അവർക്ക് ഇഷ്ടമില്ലാത്ത, എന്നെപ്പോലെയുള്ള സ്ത്രീകൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാകരുത് എന്നാണ് ആ ആൺകൂട്ടങ്ങൾ പറയുന്നത്. എങ്ങാനും കുട്ടികളുണ്ടായാൽ ആ കുട്ടികൾ മരിക്കണം എന്നാണ് ചിലർ ട്വിറ്ററിൽ എഴുതിയിരിക്കുന്നത്. ഇത് കണ്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നു മറ്റു ചിലർ. ചില പോസ്റ്റുകൾക്കെതിരെ ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്”- ചിന്മയി പറഞ്ഞു.
ഇന്ന് കണ്ട ഒരു പോസ്റ്റിൽ തന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുന്നതാണ് കണ്ടതെന്ന് ചിന്മയി പറഞ്ഞു. സ്ത്രീകൾ സൈബറിടങ്ങളിൽ എന്താണ് നേരിടേണ്ടി വരുന്നതെന്ന് വ്യക്തമാക്കാനാണ് ഈ പോസ്റ്റിട്ടതെന്നും ചിന്മയി പറഞ്ഞു. പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ പുറത്താക്കാനാണ് ഇതുപോലുള്ള പുരുഷന്മാർ ഇങ്ങനെ ചെയ്യുന്നതെന്നും ചിന്മയി വിമർശിച്ചു. പുരുഷന്മാർ അവർക്ക് ഇഷ്ടമില്ലാത്ത സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ സാങ്കേതികവിദ്യയുടെ കൂട്ടുപിടിക്കുകയാണ്. മുൻപ് വേശ്യകൾ എന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ ഇന്നത് മോർഫ് ചെയ്യുന്നതിലേക്ക് മാറിയിട്ടുണ്ടെന്നും ചിന്മയി ചൂണ്ടിക്കാട്ടി.































