ദില്ലി: ഇന്ത്യ, കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വന്ന സാഹചര്യത്തില്‍ എൻഐഎ സംഘത്തിന്റെ കാനഡ യാത്ര നീട്ടി. കാനഡയിലും യുകെയിലും ഇന്ത്യൻ നയതന്ത്ര കാര്യാലയം ആക്രമിച്ച കേസിൽ കാനഡയിൽ പോയി അന്വേഷണം നടത്താനായിരുന്നു എൻഐഎ സംഘത്തിന്റെ തീരുമാനം. കൊല്ലപ്പെട്ട വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ തലവനായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.
ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രസ്താവന ഇന്ത്യയെ പ്രകോപിപ്പിക്കാൻ ആയിരുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഹർദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്നാണ് ട്രൂഡോ പറഞ്ഞത്. അതേസമയം ട്രൂഡോയുടെ ആരോപണത്തിൽ തെളിവ് വേണമെന്ന് കാനഡയിലെ പ്രതിപക്ഷ നേതാവ് പിയറെ പൊലിവറെ ആവശ്യപ്പെട്ടു. പ്രതിസന്ധി ഉപരിപഠന സാധ്യതകളെയും കുടിയേറ്റത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യക്കാര്‍.
അതിനിടെ ഇന്ത്യയില്‍ കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ക്കായി കാനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും കാനേഡിയന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള മാര്‍ഗനിര്‍ദേശമാണ് സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ പുറത്തിറക്കിയത്. അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത്. ഇപ്പോള്‍ ഇന്ത്യയിലാണെങ്കില്‍ അവിടെ തന്നെ നില്‍ക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണം. നില്‍ക്കേണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ മടങ്ങിവരണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവനയും നടത്തി.
പിന്നാലെ ഇന്ത്യ മറുപടി നല്‍കി. കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് അറിയിച്ചത്. ഇന്ത്യയുടെ അഭ്യന്തര കാര്യത്തിൽ കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇടപെടുന്നുവെന്നും ഇന്ത്യാവിരുദ്ധ ശക്തികൾക്ക് അനുകൂലമായി പ്രവർത്തനം നടത്തുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നുവെന്നും ഖാലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.