സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് (NSW) സംസ്ഥാന ബജറ്റിൽ സിഡ്നിയിലെ മോട്ടോർ വാഹന ഉടമകൾക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി മിൻസ് സർക്കാർ. സിഡ്നിയിലെ ടോൾ റോഡുകൾ ഉപയോഗിക്കുന്നവർക്കുള്ള പ്രതിവാര ടോൾ പരിധി (Weekly Toll Cap) 60 ഡോളറിൽ നിന്നും 50 ഡോളറായി കുറച്ചു. 2026 ജൂലൈ 6 മുതൽ അടുത്ത 12 മാസത്തേക്കാണ് ഈ ഇളവ് പ്രാബല്യത്തിൽ വരിക.ഇതുവഴി ഓരോ ആഴ്ചയും കൃത്യമായി ടോൾ ക്ലെയിം ചെയ്യുന്ന ഒരു വാഹന ഉടമയ്ക്ക് വർഷത്തിൽ 520 ഡോളർ വരെ അധികമായി ലാഭിക്കാൻ സാധിക്കും.ടോൾ പരിധി കുറച്ചതോടെ സംസ്ഥാനത്തെ പുതിയ 200,000 ഡ്രൈവർമാർ കൂടി ഈ ആനുകൂല്യത്തിന് അർഹരാകും.കൂടാതെ ഇ-ടാഗ് (e-tag) ഇല്ലാത്തതിനാലോ മറ്റ് കാരണങ്ങളാലോ ടോൾ അടക്കാൻ വൈകുന്നവരിൽ നിന്ന് ഈടാക്കിയിരുന്ന 10 ഡോളറിന്റെ അഡ്മിനിസ്ട്രേഷൻ ഫീസ് ജൂലൈ മുതൽ പൂർണ്ണമായി ഒഴിവാക്കി. ഇത് വഴി സംസ്ഥാനത്തെ ഡ്രൈവർമാർക്ക് ആകെ 60 മില്യൺ ഡോളറിന്റെ ലാഭമുണ്ടാകും.
വെസ്റ്റേൺ സിഡ്നി നിവാസികൾക്ക് വൻ നേട്ടം
ടോൾ നിരക്കുകളിൽ പ്രഖ്യാപിച്ച ഈ ഇളവ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക വെസ്റ്റേൺ സിഡ്നിയിലെ ജനങ്ങൾക്കായിരിക്കും. ബ്ലാക്ക്‌ടൗൺ (Blacktown), ബോക്കാം ഹിൽസ് (Baulkham Hills), ഓബൺ (Auburn), മെരിലാൻഡ്‌സ് (Merrylands), കാസിൽ ഹിൽ (Castle Hill) തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാരാണ് ടോൾ ആശ്വാസ പദ്ധതികൾ വഴി ഏറ്റവും കൂടുതൽ തുക തിരികെ നേടുന്നത്. ഒക്ടോബർ ആദ്യവാരം മുതൽ Service NSW വഴി ഡ്രൈവർമാർക്ക് തങ്ങളുടെ ആദ്യ റീബേറ്റ് ക്ലെയിമുകൾ സമർപ്പിച്ചു തുടങ്ങാം.
2028 മുതൽ ഇരുവശങ്ങളിലേക്കും ടോൾ വരുന്നു
നിലവിൽ സിഡ്നി ഹാർബർ ബ്രിഡ്ജ് (Sydney Harbour Bridge), ഹാർബർ ടണൽ (Harbour Tunnel) എന്നിവയിലൂടെ സൗത്ത്‌ബൗണ്ട് (Southbound) ദിശയിൽ യാത്ര ചെയ്യുമ്പോൾ മാത്രമാണ് ടോൾ ഈടാക്കുന്നത്. എന്നാൽ 2028 മുതൽ ഈ റൂട്ടുകളിൽ നോർത്ത്ബൗണ്ട് (Northbound) ദിശയിലേക്കും ടോൾ ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. രണ്ട് വശങ്ങളിലേക്കും ടോൾ ഈടാക്കുന്നതിലൂടെ (Two-way toll) ലഭിക്കുന്ന വരുമാനം ഭാവിയിലെ ടോൾ ഇളവ് പദ്ധതികൾക്കായി ഉപയോഗിക്കാനാണ് മിൻസ് സർക്കാരിന്റെ തീരുമാനം.



























