ആലപ്പുഴ: സഹോദരിയെ മർദ്ദിച്ചെന്ന പരാതിിൽ ആലപ്പുഴ സ്വദേശിയായ യൂട്യൂബ് വ്ലോഗർക്കെതിരെ പൊലീസ് കേസെടുത്തു.
സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ സഹോദരിയെ മർദ്ദിച്ചെന്ന പരാതിയിലാണ് മണ്ണഞ്ചേരി തിരുവാതിര വീട്ടിൽ താമസിച്ചുവരുന്ന കുതിരപ്പന്തി പുത്തൻവീട്ടിൽ ഗ്രീൻഹൗസ് രോഹിത്തിന്(27) എതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തത്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന് ഉടമയാണ് രോഹിത്ത്.
സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്.































