ക്വീൻസ്ലാന്റിൽ 12 മാസ കാലയളവിൽ ഡ്രൈവിംഗ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഏറ്റവുമധികം തവണ പിടിക്കപ്പെട്ടയാളുടെ വിവരങ്ങളാണ് ഗതാഗത വകുപ്പ് പുറത്തുവിട്ടത്.2021 നവംബർ മുതൽ 2022 ഒക്ടോബർ വരെയുള്ള കാലയളവിൽ 31 തവണയാണ് ഒരു ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് കാറോടിച്ചതായി കണ്ടെത്തിയത്.31 തവണയും ഫോൺ ഡിറ്റക്ഷൻ ക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിയുകയായിരുന്നു.33,000 ഡോളറാണ് ഇയാൾക്ക് പിഴശിക്ഷയായി നൽകിയതെന്ന് ഗതാഗത വകുപ്പ് വക്താവ് അറിയിച്ചു.കാറോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് 1,078 ഡോളറാണ് സംസ്ഥാനത്തെ ശിക്ഷ.നാലു ഡീമെറിറ്റ് പോയിന്റുകളുമുണ്ടാകും.
മൊബൈൽ ഫോൺ ഉപയോഗം പോലെ ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളാണ് കഴിഞ്ഞ വർഷം ഏറ്റവുമധികം റോഡപകടങ്ങൾക്ക് കാരണമായതെന്നും വകുപ്പ് അറിയിച്ചു.2021 സെപ്റ്റംബറിനു 2022 ഓഗസ്റ്റിനുമിടയിൽ 27 പേരാണ് സംസ്ഥാനത്ത് ഫോണുപയോഗം പോലുള്ള ‘ഡിസ്ട്രാക്റ്റഡ് ഡ്രൈവിംഗ്’ മൂലം മരിച്ചതെന്നും ഗതാഗത വകുപ്പിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി.രക്തത്തിൽ 0.7 മുതൽ 0.10 വരെ മദ്യത്തിന്റെ അംശമുള്ളതിന് സമാനമാണ് മൊബൈൽ ഫോൺ ഉപയോഗം മൂലമുള്ള അപകടസാധ്യതയെന്നും വക്താവ് പറഞ്ഞു.ഒരു വർഷത്തിനിടെ 626 ഡ്രൈവർമാർക്കാണ് സംസ്ഥാനത്ത് മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിൽ നോട്ടീസയച്ചത്.ഒരേ സ്ഥാപനത്തിന്റെ കാർ 38 തവണ മൊബൈൽ ഫോൺ ഉപയോഗത്തിന് പിടിക്കപ്പെട്ടതായും രേഖകൾ വ്യക്തമാക്കുന്നു.