ന്യൂയോര്‍ക്ക്: റിഫ്രഷര്‍ ഡ്രിങ്ക്‌സില്‍ പഴച്ചാറില്ലെന്ന പരാതിയില്‍ സ്റ്റാര്‍ബക്‌സിനെതിരെ അന്വേഷണത്തിന് ഉത്തരവ്.
പഴച്ചാറുകള്‍ പ്രധാനമായുള്ള ജ്യൂസ് ഇനങ്ങളില്‍ പഴച്ചാറില്ലെന്ന പരാതിയിലാണ് നടപടി. സ്റ്റാര്‍ബക്ക്സിനെതിരെ അന്വേഷണം നടത്താനാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിട്ടത്. ഹരജികള്‍ തള്ളണമെന്ന സ്റ്റാര്‍ബക്സ് നല്‍കിയ അപേക്ഷ തള്ളിയാണ് യു.എസ് ജില്ലാ ജഡ്ജി ജോണ്‍ ക്രോനന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
11 പരാതികളാണ് നിലവില്‍ ജ്യൂസിന്റെ നിലവാരവും പഴച്ചാറിന്റെ അഭാവവും കാണിച്ച് കോടതിയിലെത്തിയത്. ഇതില്‍ 9 കേസുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് സ്റ്റാര്‍ ബക്സ് കോടതിയെ സമീപിച്ചിരുന്നു. മാംഗോ ഡ്രാഗണ്‍ ഫ്രൂട്ട്, മാംഗോ ഡ്രാഗണ്‍ ഫ്രൂട്ട് ലെമണേഡ്, പൈനാപ്പിള്‍ പാഷന്‍ ഫ്രൂട്ട്, പൈനാപ്പിള്‍ പാഷന്‍ ഫ്രൂട്ട് ലെമണേഡ്, സ്ട്രോബെറി അകായ്, സ്ട്രോബെറി അകായ് ലെമണേഡ് അടക്കമുള്ള ഡ്രിങ്കുകള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സ്റ്റാര്‍ ബക്സിന്റെ പ്രധാന ഇനങ്ങളായ ഇവയില്‍ മാങ്ങ, പാഷന്‍ ഫ്രൂട്ട്, അകായ് തുടങ്ങിയ പഴങ്ങളില്ലെന്നാണ് പരാതി.
സ്റ്റാര്‍ബക്‌സിന്‍റെ നിരവധി ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഉപയോക്താക്കള്‍ കോടതിയിലെത്തിയത്. ഉപഭോക്താകളുടെ അവകാശങ്ങള്‍ വലിയ രീതിയില്‍ ഹനിക്കുന്നുവെന്നാണ് ആരോപണം. മെനുവില്‍ നിന്ന് ഈ ഇനങ്ങള്‍ നീക്കി ഉപഭോക്താകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. 5 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ഓഗസ്റ്റിലാണ് ഉപഭോക്താക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചത്.