കാനഡയില്‍ പഠിക്കാനും ജോലി ചെയ്യാനുമൊക്കെയായി പോയവരെയും പോകാനിരിക്കുന്നവരെയും ആശങ്കയിലാക്കി ഇരുരാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധത്തിലെ വിള്ളല്‍.
നിലവില്‍ കാനഡയില്‍ താമസിക്കുന്നവരേക്കാള്‍ അങ്ങോട്ടേക്ക് പഠിക്കാനും ജോലികള്‍ക്കായി പോകാൻ തയ്യാറെടുക്കുന്നവരെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. ജനുവരിയില്‍ നടക്കുന്ന പുതിയ അഡ്മിഷനില്‍ കാനഡയിലേക്ക് പോകാനിരിക്കുന്ന വിദ്യാര്‍ഥികളില്‍ പലരും തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയ അവസ്ഥയിലാണെന്ന് വിസ ഏജൻസികള്‍ ചൂണ്ടിക്കാട്ടുന്നു.
2022ലെ കണക്കനുസരിച്ച്, കാനഡയിലേക്ക് പുറംരാജ്യങ്ങളില്‍നിന്ന് വന്ന് പഠിക്കുന്നവരുടെ നാല്പത് ശതമാനവും ഇന്ത്യക്കാരാണ്. മൂന്നുലക്ഷത്തിലധികമാണ് ഇന്ത്യൻ വിദ്യാര്‍ഥികളുടെ എണ്ണം. കഴിഞ്ഞ ദിവസം കാനഡ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ നിഷേധിച്ചതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്. ഇന്ത്യയില്‍ വേരുകളുള്ള കാനേഡിയൻ പൗരത്വം സ്വീകരിച്ചവര്‍, ഡോക്ടര്‍മാര്‍, വ്യവസായികള്‍, സഞ്ചാരികള്‍ എന്നിങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്ക് വരാനിരുന്നവരില്‍ പലരും ടിക്കറ്റുകള്‍ കാൻസല്‍ ചെയ്തതായി വിമാന ടിക്കറ്റ് ഏജൻസികള്‍ പറയുന്നു.
പഠനത്തിനും അതിനുശേഷം ജോലിനോക്കുന്നതിനും വളരെ സുരക്ഷിതമായാ രാജ്യമായാണ് കാനഡ വിലയിരുത്തപ്പെടുന്നത്. കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുത്തൊഴുക്കിന് കാരണവും ഇതുതന്നെയാണ്. പഠനത്തിനുശേഷം പെട്ടെന്ന് പൗരത്വം ലഭിക്കുന്നതും കാനഡയുടെ പ്രധാന ആകര്‍ഷണമാണ്. അതേസമയം, കാനഡയില്‍ നിലവില്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നും പലതും അഭ്യൂഹങ്ങള്‍ മാത്രമാണെന്നുമാണ് അവിടെ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ പക്ഷം. നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങള്‍ ഇതുവരെയും ബാധിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ കാനഡയില്‍നിന്ന് പുറത്താക്കിയതോടെയാണ് കാര്യങ്ങള്‍ വഷളാകുന്നത്. കാനഡയുടെ നടപടിക്കുപിന്നാലെ ഇന്ത്യയും കനേഡിയൻ പ്രതിനിധിയെ പുറത്താക്കി. കാനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ നല്‍കുന്നത് കഴിഞ്ഞദിവസം ഇന്ത്യ താത്കാലികമായി നിര്‍ത്തുകയും ചെയ്തു.ജൂണിലായിരുന്നു ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം. ഇതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. ഇത് ഇന്ത്യ തള്ളിയെങ്കിലും കാനഡ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആരോപണത്തിന് പകരം തെളിവുകള്‍ കാണിച്ചാല്‍ അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ഇന്ത്യ പറയുന്നത്. തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം ഐക്യരാരാഷ്ട്ര സഭയില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു.
അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിൻ ട്രൂഡോയും ചര്‍ച്ച നടത്തിയിരുന്നു. അന്ന് ഖലിസ്ഥാൻ വാദവും അതുയര്‍ത്തുന്ന ആശങ്കകളെക്കുറിച്ചും മോദി പറഞ്ഞിരുന്നെങ്കിലും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് കാനഡയില്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. അതിനുപിന്നാലെ ഉഭയകക്ഷി വ്യാപാരം സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായി ഇന്ത്യയിലേക്കുള്ള യാത്ര കാനഡ റദ്ദാക്കിയിരുന്നു.