ഇൻസ്റ്റഗ്രാമിൽ തൻറെ ഫോളോവേഴ്സ് കുറയാൻ ഭർത്താവ് കാരണക്കാരനായി എന്ന് ആരോപിച്ച് യുവതി ഭർത്താവിനെ ഉപേക്ഷിച്ചതായി ആരോപണം. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ ആണ് സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട തർക്കം ദമ്പതികളുടെ വേർപിരിയലിലേക്ക് വഴി മാറിയത്.
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു എന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും തമ്മിൽ ആരംഭിച്ച തർക്കമാണ് ജോലി നഷ്ടപ്പെടുന്നതിലേക്കും പൊലീസ് കേസിലേക്കും ഒടുവിൽ ഇപ്പോൾ പരസ്പരം വേർപിരിഞ്ഞു താമസിക്കുന്നതിലേക്കും വരെ എത്തിനിൽക്കുന്നത്. ഭർത്താവുമായി ഇനി യോജിച്ചു പോകാൻ പറ്റില്ല എന്നാണ് യുവതിയുടെ വാദം.
നോയിഡയിൽ നിന്നുള്ള വിജേന്ദ്രയും ഇയാളുടെ ഭാര്യ പിൽഖുവയിൽ നിന്നുള്ള നിഷയുമാണ് വിചിത്രമായ തർക്കത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. ഇൻസ്റ്റഗ്രാമിൽ തനിക്ക് ഉണ്ടായിരുന്ന ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ വന്ന കുറവാണ് നിഷയെ ചൊടിപ്പിച്ചത്. ഇതിന് കാരണം മുൻപ് ഭർത്താവ് സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് നടത്തിയ പരാമർശം ആണെന്നാണ് ഇവർ പറയുന്നത്. ഇതേ തുടർന്നുണ്ടായ തർക്കമാണ് ഇപ്പോൾ വിവാഹമോചനത്തിന്റെ വക്കിൽ എത്തിനിൽക്കുന്നത്.































