ലണ്ടന്‍ : യുകെയിലെ ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക് മലയാളി യുവ വ്യവസായി ടിജോ ജോസഫിന് ബ്രിട്ടിഷ് പാർലമെന്റിൽ ആദരം ലഭിച്ചു. ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിനിസ്റ്റർ ഹാളില്‍ നടന്ന ചടങ്ങിൽ മുൻ യുകെ ബിസിനസ് മന്ത്രിയും നിലവിലെ മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ പൊലീസ് ആന്‍ഡ് ക്രൈംസ് സാറാ ജോൺസ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു.
ഒരു പതിറ്റാണ്ടായി യുകെയിലെ ബിസിനസ് രംഗത്ത് സജീവമായ ടിജോയ്ക്ക് ഔട്ട് സ്റ്റാന്‍ഡിങ് അച്ചീവര്‍ ഇന്‍ മൾട്ടിപ്പിള്‍ ഇൻഡസ്ട്രീസ് പുരസ്കാരമാണ് ലഭിച്ചത്. ഫിനാന്‍സ്, മോർഗേജ്, ഹെൽത്ത് കെയർ, ടെക്നോളജി, പ്രോപ്പർട്ടി ഡെവലപ്‌മെന്റ്, ബ്യൂട്ടി & വെൽനസ് എന്നിവയടക്കമുള്ള മേഖലകളിലെ സംരഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു.
ടിജോയുടെ നേതൃത്വത്തിലുള്ള ബഹുമുഖ ബിസിനസ് ശൃംഖല രാജ്യത്തുടനീളം തൊഴിലവസരങ്ങൾ, സാമൂഹിക സ്വാധീനം എന്നിവ സൃഷ്ടിച്ചതായി പുരസ്കാരം നല്‍കിയ മഞ്ജു ഷാഹുല്‍ ഹമീദ് മെന്‍റല്‍ ഹെല്‍ത്ത് ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് എംപിമാരായ ബറോണെസ് മൻസില ഉദ്ദിന്‍, നടാഷാ അയേൺസ്, ക്രോയ്ഡന്‍ മേയര്‍ റിച്ചാർഡ് ചാറ്റർജി, കൗൺസിലർ ഡോ. മഞ്ജു ഷാഹുൽ ഹമീദ് , ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥന്‍ ഷാഹിദ് ആലം, ബിബിസി വെൽബീയിങ് മാനേജർ മാർവിൻ ഫ്രാൻസിസ് എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.
വെയില്‍സിലെ ന്യൂപോര്‍ട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിജോയ്ക്ക് യുകെയിലുടനീളം സ്ഥാപനങ്ങളുണ്ട്. കോട്ടയം അയര്‍കുന്നം സ്വദേശിയാണ്. ബിസിനസ്, നേതൃപാടവം, സാമൂഹിക പ്രതിബദ്ധത എന്നീ രംഗങ്ങളിലെ മികവിന് ദേശീയ – അന്തര്‍ ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ആഗോളതലത്തിൽ ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കുന്നവർക്ക് ഗ്ലോബൽ ഇന്ത്യൻ ബിസിനസ് ഫോറം നൽകുന്ന എക്സലൻസ് ഇൻ മൾട്ടി ഇൻഡസ്ട്രി അവാർഡും ഈ വര്‍ഷം ടിജോയ്ക്ക് ലഭിച്ചിരുന്നു.






























