ദില്ലി: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. അറസ്റ്റിലായ അമ്മായിഅമ്മ ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇന്നലെ വീട്ടില് സിബിഐ പുനരാവിഷ്കരിച്ചു. കേസിൽ കഴിഞ്ഞ ദിവസമാണ് ഗിരിബാല അറസ്റ്റിലായത്. രാജ്യവ്യാപകമായി ചർച്ചയായ കേസിലാണ് അന്വേഷണസംഘം നടപടികൾ ഊർജിതമാക്കുന്നത്.
ഡമ്മി പ്രതിമയടക്കം ഉപയോഗിച്ചായിരുന്നു നടപടികൾ. പ്രതികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തുന്നതാനായാണ് നടപടികൾ. കഴിഞ്ഞമാസം പന്ത്രണ്ടിനാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ട്വിഷ ശർമയെ കണ്ടെത്തിയത്. ഭർത്താവ് സമർത്ഥ് തൂങ്ങിയ ട്വിഷയെ താഴയിറക്കിയെന്നും, അമ്മ ഗിരിബാല സിംഗ് കെട്ടഴിച്ചുവെന്നുമാണ് മൊഴി. ജില്ലാ ജഡ്ജിയായി വിരമിച്ച ഗിരിബാല സിംഗിനും സമർത്ഥിനുമെതിരെയാണ് ട്വിഷയുടെ കുടുംബം മൊഴി നൽകിയത്. സമർത്ഥ് ഇപ്പോഴും കസ്റ്റഡിയിലാണ്.
ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. സമർത്ഥുമായി ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ട്വിഷയെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവും ഗിരിബാലയും സ്ത്രീധനവുമായി ബന്ധപ്പെട്ട് ട്വിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് മരണ കാരണവുമെന്നാണ് കുടുംബത്തിന്റെ പരാതി



























