കോട്ടയം: കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. മുമ്പും സമാനമായ കവര്‍ച്ച കേസുകളില്‍ പ്രതിയായ ഫൈസല്‍ രാജ് കോട്ടയം പൊലീസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതിനു പിന്നില്‍ പൊലീസുദ്യോഗസ്ഥരില്‍ ചിലരുടെ തന്നെ സഹായം കിട്ടിയിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്. മുമ്പ് പത്തനാപുരത്ത് നിന്ന് ആറു കോടിയോളം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഫൈസലില്‍ നിന്ന് പകുതി സ്വര്‍ണം പോലും തിരിച്ചു പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നുമില്ല.
കോട്ടയം മന്ദിരം കവലയിലെ സുധ ഫിനാന്‍സില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടിട്ട് ഏതാണ്ട് അറുപത് ദിവസമാകുന്നു. പക്ഷേ ഇതുവരെ ഈ കേസിലെ പ്രധാന പ്രതിയെ പിടിക്കാന്‍ കോട്ടയം പൊലീസിന് കഴിഞ്ഞിട്ടില്ല. പുതുപ്പളളി തിരഞ്ഞെടുപ്പ് തിരക്കിനിടയിലും നടത്തിയ നിരന്തര അന്വേഷണത്തിനൊടുവില്‍ പത്തനംതിട്ട കൂടല്‍ സ്വദേശി ഫൈസല്‍ രാജാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഫൈസലിനൊപ്പം കൃത്യത്തില്‍ പങ്കെടുത്ത അനീഷ് ആന്‍റണിയെ പിടിക്കുകയും ചെയ്തു.



























