റോം: വാടക ഗര്‍ഭധാരണം നികൃഷ്ട ആചാരമാണെന്നും ആഗോള നിരോധനം നടപ്പാക്കണമെന്നും ഫ്രാൻസിസ് മാര്‍പാപ്പ. ഗര്‍ഭധാരണത്തെ വാണിജ്യവത്കരിക്കലാണിതെന്നും വത്തിക്കാനിലെ അംബാസഡര്‍മാര്‍ക്ക് മുന്നില്‍ വിദേശനയ പ്രഖ്യാപന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
”പിറവിയെടുക്കാത്ത കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കപ്പെടണം. അത് വ്യാപാരം നടത്തേണ്ട വസ്തുവാക്കരുത്. സ്ത്രീയുടെയും കുട്ടിയുടെയും അവകാശങ്ങളുടെ ലംഘനമാണ് വാടക ഗര്‍ഭധാരണം. അമ്മയുടെ ഭൗതിക ആവശ്യങ്ങളും സാഹചര്യങ്ങളും ചൂഷണം ചെയ്യലാണത്” -മാര്‍പാപ്പ പറഞ്ഞു.
സമാധാനം അപകടകരമാംവിധം ഭീഷണിയിലാകുകയും ദുര്‍ബലമാകുകയും ചിലയിടങ്ങളില്‍ തീരെ നഷ്ടമാകുകയും ചെയ്തതിനിടെയാണ് പുതുവര്ഷമെത്തിയിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ൻ- റഷ്യ യുദ്ധം, ഇസ്രായേല്‍-ഹമാസ് യുദ്ധം, കുടിയേറ്റ വിഷയം, കാലാവസ്ഥ പ്രതിസന്ധി, ആണവായുധങ്ങളുടെയും മറ്റ് ആയുധങ്ങളുടെയും അധാര്‍മിക ഉല്പാദനം എന്നിങ്ങനെ മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ മാര്‍പാപ്പ എണ്ണിപ്പറഞ്ഞു.






























