തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്ത്. ടെലഗ്രാം വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നത്.
ടെലഗ്രാമിലെ മൊബൈല്‍ നമ്ബര്‍ നല്കിയാല് ആ നമ്ബര്‍ വഴി കോവിൻ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെയെല്ലാം ഐഡി കാര്‍ഡ് വിവരങ്ങള്‍, ജനനത്തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ സന്ദേശ രൂപത്തില്‍ മറുപടിയായി ലഭിക്കുകയാണ്.
വാക്സിൻ വിവരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്ബോഴാണ് ഗുരുതര സുരക്ഷാവീഴ്ച. ഒരു വ്യക്തിയുടെ ഫോണ്‍ നമ്ബറുണ്ടെങ്കില്‍ അയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ ലഭിക്കുമെന്നതാണ് ഇതില്‍ ഏറ്റവും ഗൗരവതരം. ഒരു ഫോണ്‍ നമ്ബര്‍ വഴി നാലുപേര്‍ക്കാണ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നത്. ഈ നാലുപേരുടെയും വിവരങ്ങള്‍ ലഭ്യമാവുകയാണ്.
തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് നമ്ബറാണ് നല്കിയതെങ്കില് അതും കിട്ടും. കേരളത്തില്‍ മാത്രമല്ല, പുറത്തുള്ളവരുടെ മൊബൈല്‍ നമ്ബര്‍ നല്കിയാലും വിവരങ്ങള്‍ ലഭിക്കും. കോവിൻ പോര്‍ട്ടലില്‍നിന്നാകാം വിവരചോര്‍ച്ചയെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാല്‍ ആധാര്‍ നമ്ബര്‍ എവിടെയും സൂക്ഷിക്കാൻ പാടില്ലെന്നും പകരം സര്‍ക്കാറിന്റെ എല്ലാ ഡേറ്റാബേസുകളിലും എൻക്രിപ്റ്റ് ചെയ്ത ആധാര്‍ വോള്‍ട്ട് മാത്രമേ ശേഖരിക്കാവൂവെന്നും സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നതിനിടെയാണ് വിവരചോര്‍ച്ച.