ലണ്ടൻ : രാജ്യത്തെ പാലസ്തീൻ റാലിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.വിദേശ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയെ പകരം നിയമിച്ചു. ക്ലെവര്‍ലിക്ക് പകരക്കാരനായി മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ക്യാബിനറ്റില്‍ തിരിച്ചെത്തി.
ലണ്ടനില്‍ നടന്ന പാലസ്തീൻ അനുകൂല റാലിയില്‍ പങ്കെടുത്തവരെ വിദ്വേഷ പ്രതിഷേധക്കാരെന്ന് സുവെല്ല വിശേഷിപ്പിച്ചിരുന്നു. ഇവര്‍ നിയമ ലംഘനം നടത്തിയിട്ടും ലണ്ടൻ പൊലീസ് അവഗണിച്ചെന്നും മൃദു സമീപനം സ്വീകരിച്ചെന്നും കുറ്റപ്പെടുത്തി. സംഘാടകര്‍ക്ക് ഹമാസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സുവെല്ല പറഞ്ഞു.
പിന്നാലെ സുവെല്ലയെ പുറത്താക്കാൻ ഋഷിക്ക് മേല്‍ സമ്മര്‍ദ്ദമേറുകയായിരുന്നു. ഇത് രണ്ടാം തവണയാണ് 43കാരിയായ സുവെല്ലയ്ക്ക് ആഭ്യന്തര സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നത്. ലിസ് ട്രസ് പ്രധാനമന്ത്രിയായിരിക്കെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 6 മുതല്‍ ഒക്ടോബര്‍ 19 വരെ ആഭ്യന്തര സെക്രട്ടറിയായിരുന്നു സുവെല്ല. ഔദ്യോഗിക രേഖകള്‍ സ്വന്തം ഇ – മെയിലിലൂടെ എം.പിമാര്‍ക്ക് നല്‍കിയതിന്റെ പേരില്‍ രാജിവച്ചു. മുൻ അറ്റോണി ജനറലായ സുവെല്ല 2015 മുതല്‍ ഫെയര്‍ഹാമില്‍ നിന്നുള്ള എം.പിയാണ്.
2010 മേയിലാണ് ഡേവിഡ് കാമറണ്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. 2016 ജൂണ്‍ 23ന് നാഷണല്‍ റെഫറാൻഡത്തിലൂടെ യൂറോപ്യൻ യൂണിയനില്‍ ( ഇ.യു ) നിന്ന് ബ്രിട്ടൻ പുറത്തുകടക്കുന്നതിന് ( ബ്രെക്സിറ്റ് ) വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ കാമറണ്‍ രാജിവച്ചു. വിദേശ സെക്രട്ടറി റോളിലുള്ള കാമറണിന്റെ മടങ്ങിവരവ് ഏറെ ആകാംഷയോടെയാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്.വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട നേതാവാണ് സുവെല്ല. രാജ്യത്തെ അഭയാര്‍ത്ഥി പ്രതിസന്ധിയെ ഇവര്‍ അധിനിവേശമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ രാജ്യത്തേക്കെത്തുന്ന അഭയാര്‍ത്ഥികളെ കുറിച്ചായിരുന്നു പരാമര്‍ശം. അനിയന്ത്രിത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടണില്‍ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് ആരോപിച്ചതും വിവാദമായിരുന്നു.
ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ പിൻഗാമിയായിട്ടാണ് സുവെല്ല ലിസ് ട്രസ് ക്യാബിനറ്റില്‍ അംഗമായത്. ഗ്രേറ്റര്‍ ലണ്ടനിലെ ഹാരോയിലാണ് സുവെല്ലയുടെ ജനനം. 1960കളില്‍ ബ്രിട്ടണിലേക്ക് കുടിയറിയ ഇന്ത്യൻ വംശജരായ ക്രിസ്റ്റി, ഉമാ ഫെര്‍ണാണ്ടസ് എന്നിവരാണ് മാതാപിതാക്കള്‍. തമിഴ് മൗറീഷ്യൻ കുടുംബാംഗമായ ഉമ വടക്ക് – പടിഞ്ഞാറൻ ലണ്ടനിലെ ബ്രെന്റിലെ മുൻ കൗണ്‍സിലറായിരുന്നു.
ക്രിസ്റ്റിയുടെ വേരുകള്‍ ഗോവയിലാണ്. റേയല്‍ ബ്രേവര്‍മാനാണ് സ്യുവെല്ലയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി, ബ്രെക്സിറ്റ് മന്ത്രി തുടങ്ങിയ പദവികളും സുവെല്ല മുമ്ബ് വഹിച്ചിട്ടുണ്ട്.






























