ലോസ് അഞ്ചലസ്: ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി. യു.എസിലെ കാലിഫോര്‍ണിയയിലാണ് സംഭവം.
വേവിക്കാത്ത മത്സ്യം കഴിച്ചതിലൂടെയുള്ള അണുബാധയാണ് യുവതിയുടെ ഇരു കൈയും കാലുകളും നഷ്ടപ്പെടാൻ കാരണമായത്.
40 കാരിയായ ലോറ ബറാഹ വീടിനടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് തിലാപ്പിയ വാങ്ങി സ്വയം പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാല്‍ മീൻ ശരിയായി വേവിക്കാതതിനെ തുടര്‍ന്ന് മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിലെത്തി. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം 40 ദിവസത്തോളം ലോറ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.
കാല്‍ വിരലുകളും ചുണ്ടുകളുമെല്ലാം കറുത്ത നിറത്തിലാകുകയും വൃക്കകള്‍ തകരാറിലാകുകയും ചെയ്തതായി സുഹൃത്തുക്കള്‍ പറഞ്ഞു. നിലവില്‍ ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെയാണ് ലോറ ജീവൻ നിലനിര്‍ത്തുന്നത്. വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ ഇവരുടെ കൈകാലുകള്‍ ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റിയത്.
സമുദ്രവിഭവങ്ങളിലും കടല്‍ജലത്തിലും കാണപ്പെടുന്ന ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസാണ് ലോറയുടെ ശരീരത്തിലെത്തിയത്. കടല്‍ മത്സ്യങ്ങള്‍ നന്നായി പാകം ചെയ്ത് കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് യു.സി.എസ്.എഫ് പകര്‍ച്ചവ്യാധി വിദഗ്ധയായ ഡോ.നടാഷ സ്പോട്ടിസ് വുഡ് ക്രോണിനോട് പറഞ്ഞു. ഓരോവര്‍ഷവും ഇത്തരം 150 മുതല്‍ 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.