തിരുവനന്തപുരം : വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ സ്ത്രീയും മരിച്ചു. വെങ്ങാനൂർ സ്വദേശി ഐശ്വര്യയാണ് (32) മരിച്ചത്. വിഷം കഴിച്ച സുഹൃത്ത് അഞ്ജു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ പണയ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്നു ഇരുവരും. വിഴിഞ്ഞം, അമരവിള ശാഖകളിലെ സ്വർണപ്പണയ സ്ഥാപനങ്ങളിൽ ആളുകൾ പണയം വെച്ചിരുന്ന 70 പവനിലധികം സ്വർണം ഇവർ പനങ്ങോട് സ്വദേശിനി സിന്ധു (53) എന്ന സ്ത്രീക്ക് മറിച്ച് നൽകിയിരുന്നു. ഈ സ്വർണം സിന്ധു വിറ്റു. പണയം വെച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് ആളുകൾ സ്ഥാപനത്തിൽ എത്തിയപ്പോൾ സ്വർണം തിരികെ നൽകാൻ സിന്ധു തയ്യാറായില്ല. ഇടപാടുകാർക്ക് സ്വർണം തിരികെ നൽകാതെയായതോടെ സ്വർണം നഷ്ടപ്പെട്ട മാനസിക വിഷമത്തിൽ ജൂൺ 30ന് ഇരുവരും ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സിന്ധുവിനെ ഇന്നലെ അറസ്റ്റ് ചെയ്തു.































