കൊല്ലം: സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതി 40 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ.വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ളയെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 1987 ജനുവരി 11നാണ് മോഹനൻപിള്ള വെളിയം പടിഞ്ഞാറ്റിൻകര ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയത്. വീട്ടിൽ മദ്യപിച്ച് ബഹളം വച്ച ചന്ദ്രശേഖരൻപിള്ളയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക്ശേഷം മോഹനന്‍പിള്ള നാടുവിട്ടു. ആദ്യം വേളാങ്കണ്ണിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിന്നീട് കോട്ടയം കല്ലറയിൽ തോട്ടം പണിയ്ക്കായി എത്തി. അന്ന് 25 വയസ് മാത്രം പ്രായമുണ്ടായിരുന്ന പ്രതി അവിടെ മറ്റൊരു പേരിൽ വിവാഹം കഴിച്ച് കുടുംബമായി താമസിച്ച് വരികയായിരുന്നു. അടുത്തിടെ അസുഖം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായി. അവിടെ വച്ച് വെളിയം സ്വദേശിയെ അവിചാരിതമായി കണ്ടുമുട്ടിയതോടെയാണ് കഥയിലെ ട്വിസ്റ്റ്. മോഹനൻ പിള്ളയെ കണ്ടകാര്യം അയാൾ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ഇക്കാര്യം പൊലീസിലും പറഞ്ഞു. ഇതോടെ വീണ്ടും അന്വേഷണം ഊർജിതമായി. കോട്ടയം ഭാഗങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു.





























