ബ്രിട്ടനിലെ റിച്ച്മണ്ടിലെ പ്രശസ്തമായ ജ്വല്ലറിയാണ് പട്ടാപ്പകൽ ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് രണ്ട് പുരുഷന്മാർ ജ്വല്ലറിക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങളുമായി മുങ്ങിയത്. കടയിലുള്ളവർക്ക് സംഭവിക്കുന്നത് എന്താണ് എന്ന് വ്യക്തമായപ്പോഴേയ്ക്കും ആയുധധാരികളായ അക്രമികൾ ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. ഗ്രിഗറി ആൻ കോ എന്ന ജ്വല്ലറിയാണ് പട്ടാപ്പകൽ ആക്രമിക്കപ്പെട്ടത്. മാസ്ക് ധരിച്ച് തലയും മുഖവും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചാണ് അക്രമികൾ എത്തിയത്. കയ്യിൽ കരുതിയ നീല നിറത്തിലുള്ള ബാഗിലേക്ക് ആഭരണങ്ങൾ വാരിയിട്ടാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു.
https://twitter.com/i/status/2017719113993621967
സ്വർണ വില പുതിയ റെക്കോർഡുകൾ എത്തിയതിന് പിന്നാലെ പുതിയ നോർമൽ എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. സമീപത്തുള്ള കടകളിൽ ആളുകൾ ആക്രമണം കണ്ടുനിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. നിരവധി കഫേകളും ബൊട്ടീക്കുകളും ചെറുകിട ജ്വല്ലറികളും ഉള്ള റിച്ച്മണ്ടിലെ പ്രശസ്തമായ തെരുവിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. എവിടെ നിന്ന് വന്നുവെന്ന് അറിയാത്ത രണ്ട് പേർ വലിയ ചുറ്റിക പോലുള്ള ആയുധം ഉപയോഗിച്ചാണ് ജ്വല്ലറിയുടെ ചില്ലുകൾ അടിച്ച് തകർത്തത്. ലോകത്തിലെ സുരക്ഷിതമായ നഗരങ്ങളിലൊന്നിലെ അവസ്ഥയാണ് ഇതെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലൊന്ന്. അക്രമികൾ കുടിയേറ്റക്കാരാണെന്നും പ്രതികരണങ്ങളിൽ കാണാൻ കഴിയും. കഴിഞ്ഞ ആഴ്ച മറ്റൊരു സംഭവത്തിൽ നൈറ്റ് ബ്രിഡ്ജിലെ ബുച്ചർ ബൊട്ടീക്കിലും വലിയ രീതിയിലുള്ള മോഷണം നടന്നിരുന്നു. വടിവാളുകളടക്കമുള്ള ആയുധവുമായി എത്തിയ അക്രമി സംഘം കടയിലേക്ക് മോട്ടോർ സൈക്കിൾ ഇടിച്ച് കയറ്റുകയായിരുന്നു.































