ദില്ലി: വെറുപ്പിന് കാനഡയിൽ സ്ഥാനമില്ലെന്ന് കാനഡ പൊതു സുരക്ഷാ മന്ത്രാലയം. ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണി സന്ദേശത്തിനെതിരെയാണ് കാനഡയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആർക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ കാരണമായത്.
അതിനിടെ, ഇന്ത്യ -കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതേസമയം, ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ്സും രംഗത്തെത്തി. കനേഡിയൻ പൗരൻമാർക്ക് വിസ നിർത്തി വെച്ചതിൽ പഞ്ചാബ് കോൺഗ്രസ്സ് ആശങ്ക രേഖപ്പെടുത്തി. കനേഡിയൻ പൗരത്വം ഉള്ള പഞ്ചാബ് സ്വദേശികളെ ബാധിക്കുന്ന നടപടിയാണിത്. വിദേശകാര്യ മന്ത്രാലയം എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് പിസിസി പ്രസിഡൻ്റ് അമരിന്ദർ സിങ് രാജ വഡിങ് പറഞ്ഞു. ഉത്സവകാലത്ത് പ്രായമായ മാതാപിതാക്കളെ കാണാൻ കാനഡയിൽ ഉള്ളവർക്ക് നാട്ടിലേക്ക് വരേണ്ടതാണെന്നും പഞ്ചാബ് പിസിസി പറയുന്നു.
കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് വിസ സർവ്വീസ് നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ലോകത്തെവിടെയും കനേഡിയൻ പൗരൻമാർക്ക് ഇന്ത്യ വിസ തൽക്കാലം നൽകില്ല. ഇ വിസ ഉൾപ്പടെ എല്ലാ തരം വിസകളും താൽകാലികമായി നിറുത്തിവച്ചു. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.