വത്തിക്കാൻ: സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കാൻ വൈദികര്‍ക്ക് അനുമതി നല്‍കി ഫ്രാൻസിസ് മാര്‍പാപ്പ. പ്രത്യേക സാഹചര്യങ്ങളില്‍ സ്വവര്‍ഗ ദമ്ബതികളെ അനുഗ്രഹിക്കാൻ വൈദികര്‍ക്ക് അനുമതി നല്‍കിയതായി റോമൻ കാത്തലിക് ചര്‍ച്ച് പ്രതിനിധിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സ്വവര്‍ഗ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും വത്തിക്കാൻ വ്യക്തമാക്കുന്നു.
‘ദൈവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു’ എന്നതിന്റെ വെളിച്ചത്തിലാണ് മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള രേഖക്ക് ഫ്രാൻസിസ് മാര്‍പാപ്പ അംഗീകാരം നല്‍കിയത്. എന്നാല്‍ പുരോഹിതൻമാര്‍ ഓരോ കേസുകളും പ്രത്യേകം പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന് വത്തിക്കാൻ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.
വിവാഹത്തെക്കുറിച്ചുള്ള പാരമ്ബര്യ കാഴ്ചപ്പാടില്‍ സഭ ഒരു മാറ്റവും വരുത്തിയിട്ടില്ല. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കില്ല. എന്നാല്‍ മാര്‍പാപ്പയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പാപമായി കരുതുന്ന ബന്ധങ്ങള്‍ പുലര്‍ത്തുന്നവരെയും അനുഗ്രഹിക്കാൻ പുരോഹിതൻമാരെ അനുവദിക്കുന്നത്. അനുഗ്രഹം സ്വീകരിക്കുന്ന ആളുകള്‍ ധാര്‍മികമായി സമ്ബൂര്‍ണതയുള്ളവരാവണമെന്നില്ലെന്നും വത്തിക്കാൻ വിശദീകരണത്തില്‍ വ്യക്തമാക്കി.
നേരത്തെ സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കില്ലെന്ന നിലപാടായിരുന്നു വത്തിക്കാന്‍ എടുത്തത്. പുതിയ തീരുമാനം വിപ്ലവകരമായ മാറ്റമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ദൈവത്തിന്റെ കരുണയും സ്‌നേഹവും ആഗ്രഹിക്കുന്നവരെ സമഗ്രമായ സദാചാര വിശകലനത്തിന് വിധേയമാക്കേണ്ടതില്ലെന്നും വത്തിക്കാന്‍ പുതിയ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.






























