മാൾട്ട: സ്വീഖിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് അറസ്റ്റ് നടന്നത്. അറസ്റ്റിലായ ആറുപേരും ഇറ്റാലിയൻ പൗരന്മാരാണെന്ന് ആഭ്യന്തരകാര്യ മന്ത്രി ഗ്ലെൻ ബെഡിംഗ്ഫീൽഡ് അറിയിച്ചു.
സ്വീഖിയിൽ വാഹനങ്ങൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഒരു സംഘം യുവാക്കൾ പാർക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി വാഹനം കേടുപാടുകൾ വരുത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അന്നത്തെ രാത്രിയിൽ നാല് കാറുകൾ നശിപ്പിക്കപ്പെട്ടതായി സ്വീഖി ഡെപ്യൂട്ടി മേയർ ജോർഡൻ ഗലീയ പെയ്സ് അറിയിച്ചു.അറസ്റ്റിലായവരിൽ ആരാണ് വാഹനങ്ങൾ നശിപ്പിച്ചതെന്ന് അന്വേഷണം പൂർത്തിയാകുന്നതുവരെ സ്ഥിരീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രതികളെ തിരിച്ചറിയാൻ സഹായിച്ച സ്വീഖി കമ്മ്യൂണിറ്റി പൊലീസ് സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ടൂറിസ്റ്റുകൾ കൂടുതലായി താമസിക്കുന്ന സ്വീഖിയിലും സമീപ പ്രദേശങ്ങളിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നതിനെതിരെ പ്രദേശവാസികൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. വാഹനങ്ങൾക്കും സ്വത്തുക്കൾക്കും കേടുപാടുകൾ വരുത്തൽ, മാലിന്യം വലിച്ചെറിയൽ, അമിതമായ ശബ്ദം എന്നിവയാണ് പ്രധാന പരാതികൾ. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി കഴിഞ്ഞ ആഴ്ച മാൾട്ട സായുധസേനയുടെ സൈനികരെയും സ്വീഖിയിൽ വിന്യസിച്ചിരുന്നു.






























