ഒട്ടാവ: ഇന്ത്യയുമായി നയതന്ത്ര ഭിന്നത രൂക്ഷമാകുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സ്വന്തം രാജ്യത്ത് ജനപ്രീതി കുറയുന്നതായി അഭിപ്രായ സര്‍വേ.
ഒരു കനേഡിയൻ മാദ്ധ്യമത്തിന് വേണ്ടി നടന്ന സര്‍വേയില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് പിയര്‍ പോളിയേവിനെയാണ് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് 40 ശതമാനം പൗരന്മാരും നിര്‍ദ്ദേശിച്ചത്. 31 ശതമാനം പേരാണ് ട്രൂഡോയെ പിന്തുണച്ചത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭൂരിപക്ഷം സ്വന്തമാക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്നതിനു പകരം തെളിവുകള്‍ നിരത്തണമെന്ന് പോളിയേവ് നേരത്തെ പറഞ്ഞിരുന്നു. ജീവിത ചെലവ് ഉയരുന്നതടക്കമുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് ജനങ്ങള്‍ക്ക് ട്രൂഡോ ഭരണത്തോടുള്ള മതിപ്പ് കുറച്ചത്. പോളിയേവിനോടുള്ള പിന്തുണ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗണ്യമായി ഉയര്‍ന്നു. അതേസമയം, ഖാലിസ്ഥാൻ അനുഭാവിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ട്രൂഡോയുടെ സഖ്യകക്ഷിയുമായ ജഗ്‌മീത്ത് സിംഗിനെ 22 ശതമാനം പേര്‍ പിന്തുണച്ചു.