ലണ്ടൻ: യുകെയിലെ പ്രെസ്റ്റണില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനീഷ് ജോയിയാണ് മരിച്ചത്.കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന.
നാലു വർഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിൻ്റു അഗസ്റ്റിനും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു പ്രസ്റ്റണിലെ ലങ്കെൻഷെയറിൽ കഴിഞ്ഞിരുന്നത്. ലങ്കൻഷെയർ ആന്റ്റ് സൗത്ത് കുംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എൻഎച്ച്എസ് നഴ്സാണ്.
ഒരാഴച മുമ്പ് വീട്ടിൽ വച്ച് കുടുംബ പ്രശ്നങ്ങളുണ്ടാവുകയും ഭയന്നു പോയ മക്കൾ സഹായത്തിനായി പോലീസിനെ വിളിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് പൊലീസ് അനീഷിനെ അറസ്റ്റു ചെയ്യുകയും രണ്ടു ദിവസം ജയിലിൽ കഴിയുകയും ചെയ്തു.
മൂന്നു മാസത്തേക്ക് കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന ഉറപ്പിന്മേൽ ജാമ്യം ലഭിച്ച അനീഷ്, വാടക മുറിയെടുത്ത് മാറുകയായിരുന്നു. പിന്നാലെ താമസ സ്ഥലത്ത് എത്തിയ അനീഷ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സഹൃത്തുക്കൾ പൊലീസിനെ അറിയിക്കുകയും മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറിയുടെ ഡോർ തുറന്നു നോക്കുകയും ചെയ്‌തപ്പോഴാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കുറിപ്പ് പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് കട്ടപ്പന മണ്ഡലം മുൻ പ്രസിഡന്റ് ജോയി പോരുന്നോലിയുടെ മകനാണ് അനീഷ് ജോയ്;
രണ്ടു ദിവസമായി യുകെ മലയാളികളെ തേടി തുടർച്ചയായ മരണ വാർത്തകളാണ് എത്തുന്നത്. റെഡ്ഡിച്ചിലെ സോണിയ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ഭർത്താവ് അനിൽ ചെറിയാൻ ആത്മഹത്യ ചെയ്തതെന്ന ദാരുണമായ വാർത്തയായിരുന്നു ഇന്നലെ എത്തിയത്. പിന്നാലെ കഴിഞ്ഞ രണ്ടു വർഷമായി കാൻസർ ചികിത്സയിലായിരുന്ന മെയ്‌ഡ്സ്റ്റണിലെ ബിന്ദു വിമലും മരണത്തിനു കീഴടങ്ങിയെന്ന വാർത്തയും എത്തി.






























