മോസ്‌കോ: നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിൻലൻഡിന്റെ അതിർത്തികളില്‍ റഷ്യൻ സൈനികരേയും യുദ്ധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
അതിർത്തികളിലെ സുരക്ഷ ശക്തമാക്കുമെന്ന് പുടിൻ പ്രതിജ്ഞ എടുത്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഫിൻലൻഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനം യാതൊരു പ്രയോജനവുമില്ലാത്ത നടപടിയാണെന്നും പുടിൻ പരിഹസിച്ചതായാണ് റിപ്പോർട്ടില്‍ പറയുന്നത്.
” റഷ്യയ്‌ക്ക് ഫിൻലൻഡ് അതിർത്തികളില്‍ സൈനികർ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അവിടെ റഷ്യൻ സൈനികരുടെ സാന്നിധ്യമുണ്ടാകും. യുദ്ധത്തിനോ ആക്രമണത്തിനോ യാതൊരു ശ്രമവും ഇന്ന് വരെ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള സംവിധാനങ്ങളും അതിർത്തിയില്‍ വിന്യസിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അതെല്ലാം അവിടെ ഉണ്ടാകുമെന്നും” പുടിൻ പറയുന്നു.
ഏപ്രിലിലാണ് ഫിൻലൻഡ് നാറ്റോ അംഗത്വം നേടുന്നത്. ഫിൻലൻഡിന് പിന്നാലെ സ്വീഡനും കഴിഞ്ഞ ദിവസം നാറ്റോയില്‍ ചേർന്നിരുന്നു. സഖ്യത്തിലെ 32ാമത് അംഗമാണ് സ്വീഡൻ. രണ്ട് വർഷം മുൻപ് അംഗത്വ അപേക്ഷ നല്‍കിയിരുന്നെങ്കിലും ചില രാജ്യങ്ങളുടെ എതിർപ്പ് മൂലം തീരുമാനം നീണ്ടു പോവുകയായിരുന്നു. സ്വീഡനും ഫിൻലൻഡും ഒരേ സമയമാണ് നാറ്റോയില്‍ ചേരുന്നതിനുള്ള അപേക്ഷ നല്‍കിയത്.






























