കോട്ടയം: കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര പോര് മൂർഛിച്ചതോടെ ആശങ്കയിലായത് മധ്യകേരളത്തിലെ ആയിരക്കണക്കിനു രക്ഷിതാക്കൾ. കോട്ടയം ഉൾപ്പെടുന്ന മധ്യകേരളത്തിൽ നിന്ന് ആയിരക്കണക്കിനു വിദ്യാർഥികൾ കാനഡയിലുണ്ട്. ഇത്രയും തന്നെ പ്രഫഷണൽ ജോലിക്കാരുമുണ്ട്. പലരുടെയും രക്ഷിതാക്കളും ഒപ്പമുണ്ട്. നിലവിൽ, പുറമേ പ്രചരിക്കുന്നതിൽ കവിഞ്ഞുള്ള യാതൊരു പ്രശ്നങ്ങളും അനുഭവപ്പെടുന്നില്ലെന്നാണു നാട്ടിൽ ലഭിക്കുന്ന വിവരമെങ്കിലും ഇവയൊന്നും പലരുടെയും ആധിക്ക് അറുതിവരുന്നില്ല.
പത്തു വർഷത്തിനിടെ, ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനത്തിനു പോയ വിദേശ രാജ്യങ്ങളിലൊന്നാണു കാനഡ. പഠനത്തിനു പോയവരിൽ ഭൂരിഭാഗവും അവിടെ ജോലി കരസ്ഥമാക്കി പി.ആർ. നേടുകയും ചെയ്തിരുന്നു. ഇവരുടെ, പങ്കാളികളും പിന്നീട് ഇവിടേയ്ക്ക് എത്തി. ഇതിനൊപ്പമാണു കാനഡയിലെ വിവിധ സർവകലാശാലകളിലേക്കായി ആയിരക്കണക്കിനു വിദ്യാർഥികൾ ബിരുദ, ബിരുദാനന്തര പഠനത്തിനായി ചേക്കേറുന്നത്. സുരക്ഷിത രാജ്യം എന്നതിനപ്പുറം ജോലി സുരക്ഷിതത്വവും കാനഡയിലേക്ക് ചേക്കേറാൻ പലരെയും പ്രേരിപ്പിച്ചിരുന്നു.
ആദ്യ കാലങ്ങളിൽ കുടിയേറിയവരിൽ ഭൂരിഭാഗവും ടോറന്റോ പോലുള്ള സ്ഥലങ്ങളിലായിരുന്നുവെങ്കിൽ ഇപ്പോൾ കാനഡയുടെ മിക്കവാറും സ്ഥലങ്ങളിലും കോട്ടയത്തുകാരുണ്ട്. അതിശൈത്യമുള്ള മേഖലകളിൽ പോലും കുടിയേറാനും ജോലി ചെയ്യാനും താത്പര്യം കാണിക്കുന്ന മലയാളികളിൽ മുൻനിരയിൽ കോട്ടയത്തുകാരാണെന്നു റിക്രൂട്ടിങ്ങ് ഏജൻസികൾ പറയുന്നു.
എന്നാൽ, ഖാലിസ്ഥാൻ വിവാദത്തിനു പിന്നാലെ ഇന്ത്യയിലേക്കു കനേഡിയൻ പൗരൻമാർക്കു വിസ നിഷേധിച്ചതു മലയാളി സമൂഹത്തെ ബാധിക്കുമോയെന്നാണ് ആശങ്ക. ജില്ലയിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും പി.ആർ. ലഭിച്ചവരോ സ്റ്റുഡന്റസ് വിസ ഉള്ളവരോ ആണ്. ഇവർക്കു പ്രശ്നങ്ങളുണ്ടാകാനിടയില്ല. പഠനം പൂർത്തിയാക്കി പി.ആറിനായി ശ്രമിക്കുന്നവർക്കാണ് ഏറെ ആശങ്ക.
പഠന കുടിയേറ്റം നടത്തിയവരിൽ ഏറെയും പെൺകുട്ടികളാണെന്നതും രക്ഷിതാക്കളുടെ ആധി വർധിപ്പിക്കുന്നു. വൻ തുക കടം വാങ്ങിയും ബാങ്ക് വായ്പ എടുത്തുമാണ് ഇവരിൽ ഏറിയ പങ്കും കാനഡയിൽ എത്തിയത്. പഠനത്തിനൊപ്പം പാർട്ട് ടെം ജോലി കണ്ടെത്തി അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് പലരും ലോൺ അടയ്ക്കുന്നത്. ഇത്തരം ജോലികളിൽ നിയന്ത്രണമുണ്ടാകുമോയെന്ന ആശങ്കയും രക്ഷിതാക്കൾ പങ്കുവയ്ക്കുന്നു.